തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിൽ പാർട്ടിക്ക് വേണ്ടത്ര നിയന്ത്രണം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന കേന്ദ്ര കമ്മിറ്റി റിവ്യൂ റിപ്പോർട്ട് ഔദ്യോഗിക വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തി സിപിഐഎം. നിയമസഭാ തിരഞ്ഞെടുപ്പേറ്റ കനത്ത തോൽവിയെക്കുറിച്ചുള്ള തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായാണ്, സാധാരണ മുഴുവനായി പരസ്യപ്പെടുത്താതെ സൂക്ഷിക്കാറുള്ള സമിതി റിപ്പോർട്ട് പരസ്യപ്പെടുത്താൻ പാർട്ടി തയ്യാറായത്.(CPIM Publishes CC Report Criticising Pinarayi Vijayan Government)
വിഷയത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പിണറായി വിജയനെ മാത്രം വ്യക്തികേന്ദ്രീകൃതമായി ഉയർത്തിക്കാട്ടി നടത്തിയ പ്രചാരണം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് റിപ്പോർട്ട് തുറന്നുസമ്മതിക്കുന്നു. മുൻകാലങ്ങളിൽ ഭരണവും പാർട്ടിയും തമ്മിലുള്ള ഏകോപനത്തിന് സബ് കമ്മിറ്റികളും ക്യാബിനറ്റ് ഫ്രാക്ഷനും സജീവമായിരുന്നെങ്കിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അതുണ്ടായില്ല.
പൊലീസിലും ഉദ്യോഗസ്ഥവൃന്ദത്തിലും ഏകാധിപത്യ സ്വഭാവം വളർന്നെന്നും, ഒരുവിഭാഗം നേതാക്കളിൽ അഹങ്കാരവും അഴിമതിയും ആഡംബരവും സ്വജനപക്ഷപാതവും കടന്നുകൂടിയെന്നും കടുത്ത ഭാഷയിൽ വിമർശനമുണ്ട്. കെ.കെ. ശൈലജയെ സിറ്റിങ് മണ്ഡലത്തിൽ നിന്ന് മാറ്റിയതിനെയും റിപ്പോർട്ട് ചോദ്യം ചെയ്യുന്നു. മറ്റ് എം.എൽ.എമാർക്ക് അതേ മണ്ഡലം നൽകിയപ്പോൾ ശൈലജയെ മാത്രം മാറ്റിയത് രാഷ്ട്രീയ എതിരാളികൾ ആയുധമാക്കിയെന്നും പാർട്ടി ന്യായീകരണം ജനം തള്ളിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോള അയ്യപ്പ സംഗമത്തിൽ യു.പി മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചത് തെറ്റായ സന്ദേശം നൽകി, പി.എം. ശ്രീ പദ്ധതിയിൽ ഘടകകക്ഷികളെ വിശ്വാസത്തിലെടുത്തില്ല, ചില നേതാക്കളുടെ പരസ്യ പ്രതികരണങ്ങളിലെ ജാഗ്രതക്കുറവ് തിരിച്ചടിയായി തുടങ്ങിയ സുപ്രധാന കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ട്.
Story Summary
In an unprecedented move, the CPIM published its Central Committee review report on its official website, acknowledging severe lapses in the previous Pinarayi Vijayan government. The report highlights that the party lacked control over the government, criticized person-centric campaigning, corrupt trends among leaders, and controversial decisions like shifting KK Shailaja’s constituency.


