ന്യൂഡൽഹി: പാർലമെന്റിലെ തുടർച്ചയായ സ്തംഭനങ്ങൾക്കൊടുവിൽ പൊതുപരീക്ഷാ (ക്രമക്കേട് തടയൽ) നിയമ ഭേദഗതി ബില്ലിൽ ലോക്‌സഭയിൽ ഇന്ന് ചർച്ച ആരംഭിക്കും. അമിത് ഷാ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുമ്പോഴും, സ്പീക്കർ ഓം ബിർളയുമായി നടത്തിയ ചർച്ചയെ തുടർന്ന് ബിൽ ചർച്ചയിൽ സഹകരിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ തീരുമാനിക്കുകയായിരുന്നു. ആറ് മണിക്കൂറാണ് ബില്ലിലെ ചർച്ചയ്ക്കായി നീക്കിവെച്ചിരിക്കുന്നത്.(Lok Sabha To Debate Public Examinations Amendment Bill Today Amid Opposition Protests)
ഭരണപക്ഷത്തിന് വേണ്ടി ബിജെപി എംപിമാരായ തേജസ്വി സൂര്യ, ബാൻസുരി സ്വരാജ് എന്നിവർ ചർച്ചയ്ക്ക് തുടക്കമിടും. പ്രതിപക്ഷത്തുനിന്ന് പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ശശി തരൂർ, ഗൗരവ് ഗോഗോയി തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിക്കും.
അതേസമയം, രാജ്യസഭയിൽ എംഎസ്എംഇ വികസന ഭേദഗതി ബിൽ ഇന്ന് അവതരിപ്പിക്കാൻ പട്ടികപ്പെടുത്തിയിട്ടുണ്ട്. വന്ദേമാതരത്തിന് നിയമ പരിരക്ഷ ഉറപ്പാക്കുന്ന ബില്ലിൽ ചർച്ച ആരംഭിക്കാനും ഭരണപക്ഷം ശ്രമിക്കും. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. മുൻപ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതെങ്കിൽ, കഴിഞ്ഞ ദിവസങ്ങളിൽ ആഭ്യന്തരമന്ത്രിക്ക് നേരെ പ്രതിഷേധം തിരിച്ചുവിടുകയായിരുന്നു.
പ്രതിഷേധക്കാർക്ക് നേരെ തോക്ക് ചൂണ്ടാൻ ആരാണ് ഉത്തരവിട്ടതെന്ന് കെ.സി. വേണുഗോപാൽ എംപി സഭയിൽ ചോദ്യമുയർത്തി. എന്നാൽ കോൺഗ്രസ് മനപ്പൂർവ്വം സഭാ നടപടികൾ തടസ്സപ്പെടുത്തുകയാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വിമർശിച്ചു. ഒടുവിൽ സ്പീക്കർ ഓം ബിർളയുടെയും കിരൺ റിജിജുവിന്റെയും നേതൃത്വത്തിൽ കെ.സി. വേണുഗോപാൽ, അഖിലേഷ് യാദവ് എന്നിവരുമായി നടത്തിയ സമവായ ചർച്ചയിലാണ് ഇന്ന് സഭയുമായി സഹകരിക്കാൻ പ്രതിപക്ഷം ധാരണയിലെത്തിയത്.
Story Summary
The Lok Sabha is set to debate the Public Examinations Amendment Bill today amid opposition protests demanding a statement from Home Minister Amit Shah over police action against students. Following consensus talks mediated by Speaker Om Birla, opposition parties including the Congress have agreed to participate in the six-hour debate.


