കൊച്ചി: മലയാള സിനിമയിലെ പ്രിയ താരങ്ങളായ ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ പ്രദർശനത്തിനൊരുങ്ങുന്നു (Athiradi Malayalam Movie). സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് ക്ലീൻ ‘U’ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. 2 മണിക്കൂർ 38 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഒരു മാസ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർടൈനറായാണ് ഒരുങ്ങുന്നത്. മെയ് 14-ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും.
‘മിന്നൽ മുരളി’ക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ ആദ്യ സംവിധാന സംരംഭമാണിത്. ബേസിൽ ജോസഫ് ‘സാംകുട്ടി’ എന്ന സ്റ്റൈലിഷ് വിദ്യാർത്ഥിയായും, ടൊവിനോ തോമസ് ‘ശ്രീക്കുട്ടൻ’ എന്ന ഗായകനായും വേഷമിടുന്നു. വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ എന്നിവരും സുപ്രധാന വേഷങ്ങളിലുണ്ട്.
ബേസിൽ ജോസഫ് ആദ്യമായി നിർമ്മാണ പങ്കാളിയാകുന്ന ചിത്രം കൂടിയാണിത്. ഡോ. അനന്തു എന്റർടൈൻമെന്റ്സും ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സമീർ താഹിറും ടൊവിനോ തോമസും സഹനിർമ്മാതാക്കളാണ്.
വിഷ്ണു വിജയ് സംഗീതം നൽകിയ “തേടി നടന്നൊരു തേനീച്ച”, “പട്ടി ഷോ” എന്നീ ഗാനങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
റിയ ഷിബു, സരിൻ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാമുവൽ ഹെൻറിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
Story Summary: The much-awaited multi-starrer Athiradi, featuring Basil Joseph, Tovino Thomas, and Vineeth Sreenivasan, has received a clean ‘U’ certificate from the censor board. Directed by debutant Arun Anirudhan, this campus mass entertainer is set for a grand global release on May 14, 2026.

