അച്ഛൻ മോഹൻലാലിന്റെയും സഹോദരൻ പ്രണവ് മോഹൻലാലിന്റെയും പാത പിന്തുടർന്ന് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന വിസ്മയ മോഹൻലാൽ, താരകുടുംബത്തിലെ അംഗമെന്ന നിലയിൽ നേരിടുന്ന പ്രതീക്ഷകളെക്കുറിച്ചും സോഷ്യൽ മീഡിയ വിമർശനങ്ങളെക്കുറിച്ചും മനസ്സുതുറന്നു. താൻ പങ്കുവയ്ക്കുന്ന ഓരോ സോഷ്യൽ മീഡിയ പോസ്റ്റിനെക്കുറിച്ചും രണ്ടുതവണ ആലോചിക്കേണ്ട സാഹചര്യമുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞതായും വിസ്മയ വ്യക്തമാക്കി. (Vismaya Mohanlal social media response)
ആദ്യ ചിത്രമായ ‘തുടക്കം’ റിലീസിന് ഒരുങ്ങുന്നതിനിടെയാണ് വിസ്മയയുടെ പ്രതികരണം. ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിനെതിരെ ബഹിഷ്‌കരണ പ്രചാരണവും നടന്നിരുന്നു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങളോടാണ് വിസ്മയ പ്രതികരിച്ചത്.
താൻ എപ്പോഴും മറ്റുള്ളവരുടെ നിരീക്ഷണത്തിന് കീഴിലാണ് ജീവിക്കുന്നതെന്ന് തോന്നിയിട്ടില്ലെന്ന് വിസ്മയ പറഞ്ഞു. കേരളത്തിന് പുറത്താണ് കൂടുതലും ജീവിച്ചതെന്നും അതിനാൽ താരപുത്രിയെന്ന നിലയിലെ ശ്രദ്ധയും സമ്മർദവും അത്രത്തോളം അനുഭവിക്കേണ്ടിവന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ മോഹൻലാലിന്റെ മകളായതിനാൽ ആളുകൾക്ക് തന്നിൽ ചില പ്രതീക്ഷകളുണ്ടാകുമെന്നും, അച്ഛനെ ഇഷ്ടപ്പെടുന്നവരുടെയും വിമർശിക്കുന്നവരുടെയും അഭിപ്രായങ്ങൾ തന്നിലേക്കും എത്താൻ സാധ്യതയുണ്ടെന്നും വിസ്മയ പറഞ്ഞു.
അതേസമയം, സോഷ്യൽ മീഡിയ കമന്റുകൾ സാധാരണയായി വായിക്കാറില്ലെന്നും വിസ്മയ കൂട്ടിച്ചേർത്തു. ജീവിതത്തിലെ തീരുമാനങ്ങളെക്കുറിച്ചും പ്രതികരണങ്ങളെക്കുറിച്ചും സഹോദരൻ പ്രണവുമായി സംസാരിക്കാറുണ്ടെന്നും, ഓരോ പ്രവൃത്തിക്കും അതിന്റേതായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും വിസ്മയ ഓർത്തെടുത്തു. തനിക്ക് ഇഷ്ടമുള്ളത് പോസ്റ്റ് ചെയ്യാമെങ്കിലും, വിസ്മയ ഒരു കാര്യം പങ്കുവയ്ക്കുന്നതിന് മുമ്പ് രണ്ടുതവണ ആലോചിക്കണമെന്ന് സുഹൃത്ത് ഉപദേശിച്ചതായും അവർ പറഞ്ഞു. സിനിമയിലേക്ക് കടക്കുമ്പോൾ പ്രണവ് നൽകിയ പിന്തുണയെക്കുറിച്ചും വിസ്മയ സംസാരിച്ചു. ‘പോയി ആസ്വദിക്കൂ’ എന്നാണ് സഹോദരൻ പറഞ്ഞതെന്നും, സ്വന്തം ജീവിതം സ്വയം മനസ്സിലാക്കി മുന്നോട്ട് പോകണമെന്നാണ് അച്ഛൻ മോഹൻലാൽ ഉപദേശിച്ചതെന്നും വിസ്മയ വ്യക്തമാക്കി. നേരത്തെ മാർഷ്യൽ ആർട്സ്, കവിതാരചന, ചിത്രരചന, യാത്രകൾ എന്നിവയിൽ സജീവമായിരുന്ന വിസ്മയ, ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.
Summary: Vismaya Mohanlal has opened up about social media criticism and the expectations that come with being Mohanlal’s daughter. She said she usually avoids reading comments and revealed that her brother Pranav has encouraged her to enjoy her journey and make her own decisions.


