ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ശക്തമായി തുടരുന്ന സംഘർഷങ്ങളിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ഇതുവരെ 10 നാവികർ ഉൾപ്പെടെ 16 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ. സംഘർഷ മേഖലകളിൽ നടന്ന ആക്രമണങ്ങളിൽ 75 ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുമുണ്ട്. ജോൺ ബ്രിട്ടാസ് എം.പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിങ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.(West Asia Conflict Indian Casualties 16Indian nationals killed)
ഇതിനുപുറമെ, സംഘർഷവുമായി ബന്ധമില്ലാത്ത മറ്റൊരു അപകടത്തിൽ ഖത്തറിലെ റാസ് ലഫാൻ വാതക സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 12 ഇന്ത്യൻ തൊഴിലാളികൾ മരണപ്പെട്ടതായും കേന്ദ്രമന്ത്രി സഭയെ അറിയിച്ചു.
മരണങ്ങൾ (16 പേർ): ഒമാൻ – 8, യു.എ.ഇ – 4, കുവൈറ്റ് – 2, സൗദി അറേബ്യ – 1, ഇറാഖ് – 1.
പരിക്കേറ്റവർ (75 പേർ): യു.എ.ഇ – 32, ഒമാൻ – 24, കുവൈറ്റ് – 13, ഖത്തർ – 4, സൗദി അറേബ്യ – 1, ഇസ്രായേൽ – 1.
യുദ്ധമേഖലയിൽ കൊല്ലപ്പെട്ട നാവികരുടെ കുടുംബങ്ങൾക്ക് സീഫെയറേഴ്സ് വെൽഫെയർ ഫണ്ട് വഴി 10 ലക്ഷം രൂപ വീതം സാന്ത്വനധനം അനുവദിച്ചിട്ടുണ്ട്. യൂണിയൻ കരാറുകൾക്ക് കീഴിലുള്ള നാവികരുടെ കുടുംബങ്ങൾക്ക് 10 മുതൽ 12 ലക്ഷം രൂപ വരെ അധിക ധനസഹായവും ലഭിക്കും. ഖത്തറിലെ വാതക പ്ലാന്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം അനുവദിച്ചു.
വ്യോമപാത ഭാഗികമായി തുറന്നതോടെ വാണിജ്യ വിമാനങ്ങൾ വഴിയും അയൽരാജ്യങ്ങളിലേക്ക് ട്രാൻസിറ്റ് വിസ ലഭ്യമാക്കിയും കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ‘റാപ്പിഡ് റെസ്‌പോൺസ് സെൽ’ വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാനും പരിക്കേറ്റവർക്ക് പ്രാദേശിക ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കാനും അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും വഴി അടിയന്തര ഇടപെടലുകൾ നടത്തിയതായി മന്ത്രി വ്യക്തമാക്കി.
Story Summary
Minister of State for External Affairs Kirti Vardhan Singh informed the Rajya Sabha that 16 Indian nationals, including 10 seafarers, were killed and 75 injured in the West Asia conflict since February. Additionally, 12 Indians died in an unrelated accident at Qatar’s Ras Laffan gas facility.


