തിരുവനന്തപുരം: പുനർജനി കേസിൽ മുഖ്യമന്ത്രി വി. ഡി. സതീശനെ കുറ്റവിമുക്തനാക്കി വിജിലൻസ് കേസ് അവസാനിപ്പിച്ച നടപടി അസാധാരണമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. എല്ലാവിധ തെളിവുകളും ഉണ്ടായിട്ടും ക്ലീൻ ചിറ്റ് നൽകുകയായിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. വി. ഡി. സതീശൻ ഫണ്ട് അഭ്യർത്ഥിക്കുന്ന വീഡിയോ ദൃശ്യങ്ങളും വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രദർശിപ്പിച്ചു.(Punarjani Case, MV Govindan Slams Clean Chit To CM VD Satheesan)
നിയമസഭാ സെക്രട്ടേറിയറ്റിന്റെയോ ആഭ്യന്തര വകുപ്പിന്റെയോ ആവശ്യമായ മുൻകൂർ അനുമതിയില്ലാതെയാണ് വി. ഡി. സതീശൻ വിദേശയാത്ര നടത്തിയതും ഫണ്ട് സ്വീകരിച്ചതും. വിദേശത്തുപോയി ധനസമാഹരണം നടത്താൻ നിലവിലുള്ള നിയമങ്ങൾ അനുവദിക്കുന്നില്ല. പ്രളയകാലത്ത് വിദേശ സഹായം തേടാൻ മുഖ്യമന്ത്രിക്ക് പോലും കേന്ദ്രം അനുമതി നിഷേധിച്ച കാര്യം എം. വി. ഗോവിന്ദൻ ഓർമ്മിപ്പിച്ചു.
വിദേശത്ത് നിന്ന് 22,500 പൗണ്ട് സമാഹരിച്ചതായി പറയുന്ന അക്കൗണ്ട് വിവരങ്ങൾ വി. ഡി. സതീശൻ തന്നെ തുറന്നുസമ്മതിച്ചിട്ടുള്ളതാണ്. കേസ് പൂർണ്ണമായി അന്വേഷിക്കാതെ വഴിയിൽ ഉപേക്ഷിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസ് ആയതിനാൽ കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ മാത്രമേ യഥാർത്ഥ വസ്തുതകൾ പുറത്തുവരൂ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനം വിളിച്ച് കേസ് അവസാനിപ്പിച്ചത് സ്വതന്ത്ര അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതിലുള്ള തിടുക്കമാണ് കാണിക്കുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഉയർന്ന അഴിമതി കേസ് രാഷ്ട്രീയ പ്രേരിതമായി ഒതുക്കിതീർക്കാനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Summary
CPI(M) State Secretary M.V. Govindan criticized the Vigilance department’s decision to grant a clean chit to Chief Minister V.D. Satheesan in the Punarjani case as unusual and rushed. Govindan produced video evidence showing Satheesan soliciting funds abroad and argued that FCRA regulations were violated without required approvals, demanding a central agency probe to uncover the truth.


