ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമ ഭേദഗതി ബിൽ മുൻപേ കൊണ്ടുവരാതിരുന്നത് എന്തുകൊണ്ടാണെന്ന് മല്ലികാർജ്ജുൻ ഖാർഗെ. വ്യാഴാഴ്ച രാജ്യസഭയിൽ ബില്ലിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് പകരം രാഷ്ട്രീയ ലാഭങ്ങൾക്കാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകിയതെന്ന് ഖാർഗെ കുറ്റപ്പെടുത്തി.(Anti Paper Leak Bill Rajya Sabha, Mallikarjun Kharge Questions the Delay)
ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ തിടുക്കപ്പെട്ട് ബിൽ അവതരിപ്പിച്ചതെന്നും, മുൻകൂട്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കാനല്ലെന്നും ഖാർഗെ ആരോപിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ ബഹളത്തിനിടയിലാണ് ബില്ലിന്മേൽ വിപുലമായ ചർച്ച നടന്നത്.
ബി.ജെ.പിയുടെ രാഷ്ട്രീയം കാരണമാണ് രാജ്യത്ത് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും അതിന് നേരെയുള്ള പൊലീസ് ക്രൂരതയും കാണേണ്ടിവന്നതെന്ന് മല്ലികാർജ്ജുൻ ഖാർഗെ. വ്യാഴാഴ്ച രാജ്യസഭയിൽ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്. ബി.ജെ.പി ഇടുങ്ങിയ രാഷ്ട്രീയം ഒഴിവാക്കിയിരുന്നെങ്കിൽ ഈ ദുരവസ്ഥ ഒഴിവാക്കാമായിരുന്നുവെന്ന് ഖാർഗെ പറഞ്ഞു. പ്രതിഷേധങ്ങളിലുണ്ടായ അക്രമങ്ങളിലും സമരക്കാർക്കേറ്റ ഓരോ മുറിവുകളിലും കേന്ദ്ര സർക്കാരിന് വ്യക്തമായ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവി വെച്ച് പന്താടുകയാണ് ഭരണകൂടമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിലെത്തി പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ആവശ്യപ്പെട്ടു. പൊലീസ് നടത്തിയ അടിച്ചമർത്തലിന്റെയും ക്രൂരതയുടെയും ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ഒളിച്ചോടാനാകില്ലെന്ന് ഖാർഗെ ആരോപിച്ചു. “ഒരു മുറിക്കുള്ളിലിരുന്ന് ഒന്നിനും മറുപടി പറയാതെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ നിങ്ങൾക്ക് കഴിയില്ല. നിങ്ങളെ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും,” ഖാർഗെ സഭയിൽ പറഞ്ഞു. ഭരണകൂടം കാണിക്കുന്ന ക്രൂരതകൾക്ക് മറുപടി പറയാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജിന് ഉത്തരവിട്ടത് കേന്ദ്ര സർക്കാരാണെന്ന് ചോദിച്ച് മല്ലികാർജ്ജുൻ ഖാർഗെ. ഡൽഹി പൊലീസും സി.ആർ.പി.എഫും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പൂർണ്ണ അനുമതിയോടും അറിവോടും കൂടിയല്ലാതെ ഇത്രയും വലിയ പൊലീസ് അതിക്രമം നടക്കില്ലെന്ന് ഖാർഗെ ആരോപിച്ചു. സഭയിൽ ഈ വിഷയം ഉന്നയിച്ച് സംസാരിക്കവെയാണ് ഖാർഗെ കേന്ദ്ര സർക്കാരിനെയും ആഭ്യന്തര മന്ത്രാലയത്തെയും പ്രതിക്കൂട്ടിലാക്കിയത്. വിദ്യാർത്ഥികളുടെ ഭാവി തകർത്ത സംഭവത്തിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ ബലപ്രയോഗം നടത്താൻ ആരാണ് ഉത്തരവിട്ടതെന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ മുൻകൂട്ടി തടയൽ നടപടികൾ സ്വീകരിക്കുന്നതിന് പകരം പ്രശ്നങ്ങൾ സംഭവിച്ച ശേഷം ‘ഡാമേജ് കൺട്രോളും’ ഹെഡ്‌ലൈൻ മാനേജ്‌മെന്റും മാത്രമാണ് നടത്തുന്നതെന്ന് കോൺഗ്രസ് പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ. പരീക്ഷകൾ റദ്ദാക്കി വീണ്ടും നടത്തുന്നത് പാവപ്പെട്ട കുടുംബങ്ങൾക്ക് കടുത്ത സാമ്പത്തിക ഭാരമാണ് വരുത്തിവെക്കുന്നത്. യാത്രാച്ചെലവുകൾ താങ്ങാനാകാതെ പല വിദ്യാർത്ഥികൾക്കും പുനഃപരീക്ഷ എഴുതാൻ പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ ‘ഡബിൾ എഞ്ചിൻ’ സർക്കാരുകൾ ഉണ്ടായിരുന്നിട്ടും, പ്രധാന അന്വേഷണ ഏജൻസികൾ കേന്ദ്രത്തിന്റെ കയ്യിലായിരുന്നിട്ടും ചോദ്യപേപ്പർ ചോർച്ചകൾ തുടരുന്നത് എന്തുകൊണ്ടാണെന്ന് ഖാർഗെ ചോദ്യം ചെയ്തു. സി.ബി.ഐ, എൻ.ടി.എ, ഇ.ഡി തുടങ്ങിയ സ്വതന്ത്ര സ്ഥാപനങ്ങളുടെ പരമാധികാരം ഉറപ്പാക്കിയിരുന്നെങ്കിൽ രാജ്യത്ത് ഇത്തരം സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും ഖാർഗെ രാജ്യസഭയിൽ കൂട്ടിച്ചേർത്തു.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പൂർണ്ണമായും തകർന്ന അവസ്ഥയിലാണെന്ന് മല്ലികാർജ്ജുൻ ഖാർഗെ. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ പത്ത് ലക്ഷത്തോളം അധ്യാപക തസ്തികകളാണ് നിലവിൽ ഒഴിവുകിടക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അവസ്ഥ എന്താണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വയംഭരണാധികാരം തകർത്തുകൊണ്ട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൈസ് ചാൻസലർ പദവികളിൽ ആർ.എസ്.എസ് ഭാരവാഹികളെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളുടെയും സർവ്വകലാശാലകളുടെയും സ്വയംഭരണാധികാരം പുനഃസ്ഥാപിക്കാത്തപക്ഷം ഇത്തരം പ്രതിസന്ധികൾ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച ലോക്‌സഭ പാസാക്കിയ ബില്ലിലെ ഭേദഗതികൾ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ വിശദീകരിച്ചു. ചോദ്യപേപ്പർ ചോർച്ച കേസുകളിലെ അന്വേഷണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. കൂടാതെ കുറ്റപത്രം സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരം നൽകുന്നുണ്ട്. ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാരാകുന്ന വ്യക്തികൾക്ക് 5 മുതൽ 10 വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ഭേദഗതി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. സംഘടിത റാക്കറ്റുകൾക്ക് കുറഞ്ഞത് 7 വർഷം തടവും 10 കോടി രൂപ വരെ പിഴയുമാണ് ശിക്ഷ. ആവശ്യമെങ്കിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് അന്വേഷണം കൈമാറാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
Story Summary
Speaking in the Rajya Sabha, Leader of the Opposition Mallikarjun Kharge questioned the Union government for delaying the passage of the Anti-Paper Leak Amendment Bill, alleging that it was brought only to suppress student protests in Delhi. Union Minister Dr. Jitendra Singh detailed the key provisions of the bill passed by the Lok Sabha, which mandates time-bound investigations, fast-track trial courts, and stricter penalties ranging from 5 to 10 years imprisonment for offenders and fines up to Rs 10 crore for organized syndicates.


