ചെന്നൈ: തമിഴ് നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സജീവമായി തുടരുന്നതിനിടെ, നടൻ വിശാലിന്റെ പ്രസംഗവും പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സിനിമയിലൂടെ തനിക്ക് ലഭിച്ച ജനപ്രീതിയും ജനങ്ങൾ നൽകിയ സ്നേഹവും സമൂഹസേവനത്തിനായി വിനിയോഗിക്കുമെന്ന വിശാലിന്റെ വാക്കുകളാണ് താരം രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണോ എന്ന സംശയം ഉയർത്തിയത് (Vishal political entry rumours). ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് വിശാൽ തന്റെ ഭാവി യാത്രയെക്കുറിച്ച് സൂചന നൽകിയത്. വർഷങ്ങളായി സിനിമാരംഗത്ത് പ്രവർത്തിക്കുന്നതിനിടെ ജനങ്ങൾ നൽകിയ സ്നേഹത്തിന് തിരിച്ചെന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ലഭിച്ച ജനപ്രീതി ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുമെന്നും, ഇനി മുന്നോട്ടുള്ള തന്റെ പാത സാധാരണമായിരിക്കില്ലെന്നും വിശാൽ കൂട്ടിച്ചേർത്തു.
“വർഷങ്ങളായി ചലച്ചിത്രരംഗത്തുള്ള ഒരു നടൻ എന്ന നിലയിൽ നിങ്ങൾക്കായി തിരിച്ചെന്തെങ്കിലും ചെയ്യാനുള്ള ജനപ്രീതി എനിക്കുണ്ട്. ഇനി മുന്നോട്ടുള്ള എന്റെ പാത സാധാരണ ഒന്നായിരിക്കില്ല. കുറുക്കുവഴികളില്ലാതെ നേരായ വഴിയിലൂടെ മാത്രമായിരിക്കും ഞാൻ സഞ്ചരിക്കുക. ആ വഴിയിലൂടെ വന്ന് എല്ലാ മേഖലകളിലും നിങ്ങൾക്കുള്ള പിന്തുണ ഞാൻ ഉറപ്പാക്കും,” എന്നായിരുന്നു വിശാലിന്റെ വാക്കുകൾ.
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് താരം ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നിരുന്നാലും, പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിശാൽ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പിന് സൂചന നൽകുകയാണെന്ന തരത്തിലുള്ള വിലയിരുത്തലുകൾ ശക്തമായി. മുമ്പും വിശാലിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ തമിഴ്നാട്ടിൽ ഉയർന്നിരുന്നു. 2017-ൽ ‘തുപ്പരിവാലൻ’ സിനിമയുടെ റിലീസിന് പിന്നാലെ ആർ.കെ. നഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ ആവശ്യമായ നിർദേശകരുടെ പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പത്രിക തള്ളുകയായിരുന്നു.
2024-ൽ നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ, ഉടൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ പദ്ധതിയില്ലെന്ന് വിശാൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ഭാവിയിൽ രാഷ്ട്രീയ പ്രവേശനത്തിനുള്ള സാധ്യത അദ്ദേഹം പൂർണമായും തള്ളിക്കളഞ്ഞിരുന്നില്ല.
രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നപ്പോഴും വിശാൽ പ്രതികരിച്ചിരുന്നു. നിലവിൽ തന്റെ ഫാൻസ് ക്ലബ്ബിലൂടെയും വിവിധ ക്ഷേമപദ്ധതികളിലൂടെയും ജനങ്ങളെ സേവിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. “ഒരു നടനായും സാമൂഹിക പ്രവർത്തകനായും എന്നെ അംഗീകരിച്ച തമിഴ്നാട്ടിലെ ജനങ്ങളോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. തുടക്കം മുതൽ തന്നെ എന്റെ ഫാൻസ് ക്ലബ് വെറുമൊരു ആരാധക കൂട്ടായ്മയായി മാത്രം ഒതുങ്ങാതെ, ആവശ്യക്കാരായ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്,” വിശാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, വിശാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മകുടം’ ഓഗസ്റ്റിൽ തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. തമന്നയും യോഗി ബാബുവും പ്രധാന കഥാപാത്രങ്ങളാകുന്ന സുന്ദർ സി. ചിത്രം ‘പുരുഷൻ’ ആണ് വിശാലിന്റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമ. തന്റെ ആരാധക സംഘടന സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ധനുഷ് നടത്തിയ പ്രസംഗവും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. ആരാധകരുടെ ഐക്യത്തിന് വ്യക്തമായൊരു ലക്ഷ്യം നൽകണമെന്നും കൂടുതൽ ക്ഷേമപ്രവർത്തനങ്ങളിൽ സജീവമാകണമെന്നും ധനുഷ് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശാലിന്റെ പ്രസംഗവും ചർച്ചയാകുന്നത്.
തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളായ ധനുഷും വിശാലും ഒരേസമയം ജനസേവനത്തെയും ആരാധക കൂട്ടായ്മകളുടെ ശക്തിയെയും കുറിച്ച് സംസാരിച്ചതോടെ, തമിഴകത്ത് വീണ്ടും താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. എന്നാൽ ഇരുവരും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
Summary : Tamil actor Vishal’s recent speech about using his popularity to serve the people has sparked fresh speculation about a possible political entry. The discussion comes shortly after actor Dhanush’s remarks at a fan-organised event also triggered political rumours in Tamil Nadu.


