ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With Wife). കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിൽ നടന്ന സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഷാൻഡോങ് പ്രവിശ്യയിലെ ഡോങ്‌യിങ്ങിൽ ജൂലൈ 15 നാണ് സംഭവം നടന്നത്. പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലാത്ത ദമ്പതികൾ താമസിക്കുന്ന പ്രദേശത്തിന് സമീപത്തെ പുൽമേടിൽ വൈകുന്നേരം ചീവീടുകളെ പിടിക്കാനെത്തിയതായിരുന്നു. ഷാൻഡോങിൽ വേനൽക്കാലത്ത് ചീവീടുകളെ പിടിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നത് പഴക്കമുള്ള ഒരു പ്രാദേശിക ശീലമാണ്.
ചീവീടുകളെ തിരയുന്നതിനിടെ പുൽക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞുകിടന്ന കിണറ്റിൽ ഭാര്യ അബദ്ധത്തിൽ വീഴുകയായിരുന്നു. ഏകദേശം അഞ്ച് മീറ്ററോളം ആഴമുള്ള കിണറ്റിലേക്കാണ് യുവതി വീണത്. അന്നേദിവസം പെയ്ത മഴയെ തുടർന്ന് നിലം വഴുക്കലായിരുന്നതും പ്രദേശത്ത് വെളിച്ചം കുറവായിരുന്നതുമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. വീഴ്ചയിൽ യുവതിക്ക് പരിക്കേറ്റതോടെ കുഴിക്കുള്ളിൽ നിന്ന് സ്വയം പുറത്തുകടക്കാൻ സാധിച്ചില്ല. ഭാര്യയുടെ അവസ്ഥ കണ്ട് ആശങ്കപ്പെട്ട ഭർത്താവ്, അവളെ ഒറ്റയ്ക്കാക്കാതെ കൂടെയിരിക്കാനായി കുഴിയിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് ഇരുവരും മൊബൈൽ ഫോണിലൂടെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.
അൽപസമയത്തിനകം സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ഇരുവരെയും രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. ഇരുണ്ടതും നനവുള്ളതുമായ കുഴിയിൽ യുവതിയുടെ പരിക്ക് കാരണം രക്ഷാപ്രവർത്തനം വെല്ലുവിളിയായി. ഒരു അഗ്നിരക്ഷാസേനാംഗം കുഴിയിലേക്ക് ഇറങ്ങി യുവതിക്ക് സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചശേഷം മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പുറത്തേക്ക് ഉയർത്തി. തുടർന്ന് സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഭർത്താവും കുഴിയിൽ നിന്ന് പുറത്തുകയറി. യുവതിക്ക് പരിക്കേറ്റിരുന്നെങ്കിലും ജീവന് ഭീഷണിയില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഭർത്താവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. “അയാൾക്ക് ഭാര്യയോട് അത്രയേറെ സ്നേഹമാണ്; വീണ്ടും പ്രണയത്തിൽ വിശ്വസിക്കാൻ തോന്നുന്നു,” എന്നാണ് ഒരാൾ പ്രതികരിച്ചത്. അതേസമയം, ഭർത്താവ് കുഴിയിലേക്ക് ചാടാതെ മുകളിൽ നിന്ന് രക്ഷാപ്രവർത്തകർക്ക് സ്ഥലം കണ്ടെത്താൻ സഹായിച്ചിരുന്നെങ്കിൽ കൂടുതൽ പ്രയോജനകരമായേനെയെന്ന് ചിലർ അഭിപ്രായപ്പെട്ടു. “ഇനി ഇവർ ചീവീടുകളെ പിടിക്കാൻ പോകുമോ?” എന്ന രസകരമായ ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയർന്നു.
വൈകുന്നേരങ്ങളിൽ ചീവീടുകളെ പിടിക്കാൻ പോകുന്നവർ പുൽക്കാടുകൾക്കിടയിൽ മറഞ്ഞുകിടക്കുന്ന മലിനജല കുഴികൾ, തുറന്ന കിണറുകൾ, ആഴമേറിയ ചാലുകൾ എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നൽകി.
ഷാൻഡോങിൽ ചീവീടുകളെ ഭക്ഷണമായി ഉപയോഗിക്കുന്നത് പ്രാദേശിക സംസ്കാരത്തിന്റെ ഭാഗമാണ്. വറുത്തും ഗ്രിൽ ചെയ്തും ചീവീടുകൾ തയ്യാറാക്കുന്ന പതിവുണ്ട്. ചില റെസ്റ്റോറന്റുകളിൽ കേക്കുകളിലും ബർഗറുകളിലും പോലും ചീവീടുകൾ ഉപയോഗിക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ഭക്ഷണശീലം ഏറെ ജനപ്രിയമായതിനാൽ “ഒരു ചീവീടിനും ഷാൻഡോങിൽ നിന്ന് ജീവനോടെ പുറത്തുപോകാൻ കഴിയില്ല” എന്ന തമാശയും ചൈനീസ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Summary: A woman in eastern China fell into a five-metre-deep sewage shaft while catching cicadas with her husband. Worried about leaving her alone after she was injured, the husband climbed into the shaft to stay with her, and firefighters later rescued both safely.


