തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നറിയാം. രാഹുൽ ഗാന്ധിയോ എഐസിസി നേതൃത്വമോ ഇതുവരെ ആരുടെയും പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിർണ്ണായകമായ ഈ സാഹചര്യത്തിൽ, ഗവർണർക്കുള്ള കത്ത് നൽകാനായി എല്ലാ എംഎൽഎമാരുടെയും പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വം.(Kerala CM Selection Delay Escalates Intra Party Tension)
ലീഗ് എംഎൽഎമാർ ഇന്ന് വീണ്ടും യോഗം ചേർന്നേക്കുമെന്നാണ് സൂചനകൾ.
പ്രധാനപ്പെട്ട മൂന്ന് നേതാക്കളുടെ പക്ഷങ്ങളും ആത്മവിശ്വാസത്തിലാണ്. നിയമസഭയിലെ എംഎൽഎമാരുടെ എണ്ണത്തിലുള്ള പിന്തുണയിൽ കെ സി വേണുഗോപാൽ പക്ഷം ഉറച്ച വിശ്വാസത്തിലാണ്. അവസാന വട്ട ചർച്ചകൾ തങ്ങൾക്ക് അനുകൂലമാണെന്ന ആത്മവിശ്വാസത്തിലാണ് വി.ഡി. സതീശൻ പക്ഷം. പാർട്ടിയിൽ സമവായമുണ്ടാക്കാൻ ചെന്നിത്തലയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആർ.സി പക്ഷം.
കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തുടരുകയാണ്. ഹൈക്കമാൻഡിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കായി അദ്ദേഹം കാത്തിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വി.ഡി. സതീശൻ റോഡ് മാർഗ്ഗം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വഴുതക്കാടുള്ള വസതിയിൽ തുടരുന്നു.
പത്തുദിവസത്തെ നീണ്ട അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. ഇതിനായുള്ള കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ദിരാഭവനിൽ ചേരും. എഐസിസി നേതൃത്വത്തിന്റെ തീരുമാനം ദീപ ദാസ്മുൻഷി എംഎൽഎമാർക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ, സർക്കാർ രൂപീകരണത്തിനുള്ള നടപടികൾക്കായി യുഡിഎഫ് കക്ഷി നേതാക്കൾ ഗവർണ്ണറെ കാണാനും തീരുമാനിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ശനിയാഴ്ചയോ തിങ്കളാഴ്ചയോ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്ത് എത്താൻ എല്ലാ എംഎൽഎമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.
കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ, ഹൈക്കമാൻഡ് മുന്നോട്ടുവെക്കുന്ന ഫോർമുല എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. അനിശ്ചിതത്വം നീണ്ടുപോയതിൽ സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇന്ന് നടക്കുന്ന പ്രഖ്യാപനം അതീവ നിർണ്ണായകമാണ്. അതേസമയം, മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി മുസ്ലീം ലീഗ് നേതൃത്വം പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ ഇന്നും യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാകും ലീഗിന്റെ അന്തിമ തീരുമാനം. മറ്റ് ഘടകകക്ഷികളും തിരുവനന്തപുരത്ത് എത്തിച്ചേരുന്നുണ്ട്.
Story Summary
The uncertainty surrounding Kerala’s next Chief Minister continues as the Congress high command remains silent, failing to communicate a decision to key party leaders or coalition partners. With IUML delaying their arrival and internal groups—supporting K.C. Venugopal, V.D. Satheesan, and Ramesh Chennithala, respectively—expressing confidence in their individual prospects, the party is rushing to consolidate MLA support for the upcoming government formation.

