ബെയ്ജിങ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനുമായി നാലിന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ചൈന. യുഎസും ഇറാനും തമ്മിൽ നടക്കാനിരിക്കുന്ന രണ്ടാംഘട്ട സമാധാന ചർച്ചകൾക്ക് മുന്നോടിയായാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തന്റെ നയം വ്യക്തമാക്കിയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചൈന സന്ദർശന വേളയിലാണ് ഈ പ്രഖ്യാപനമുണ്ടായത്.(China offers four point proposal to restore peace in West Asia )
മേഖലയിലെ സുസ്ഥിരമായ വികസനവും സുരക്ഷയും ലക്ഷ്യം വെച്ച് ചൈന ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നു. മേഖലയിലെ രാജ്യങ്ങൾ തമ്മിൽ സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കുക. വികസന പ്രവർത്തനങ്ങൾക്കും സുരക്ഷാ നയങ്ങൾക്കും ഇടയിൽ മികച്ച ഏകോപനം കൊണ്ടുവരിക. അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും കർശനമായി ഉയർത്തിപ്പിടിക്കുക. രാജ്യങ്ങളുടെ ദേശീയ പരമാധികാരത്തോടുള്ള പരസ്പര ബഹുമാനം നിലനിർത്തുക.
ഗൾഫ് രാജ്യങ്ങൾ അടുത്ത അയൽക്കാരാണെന്നും അവരെ അകറ്റിനിർത്താനാകില്ലെന്നും ചൈന വ്യക്തമാക്കി. മേഖലയിൽ സുസ്ഥിരമായ ഒരു സുരക്ഷാ ഘടന കെട്ടിപ്പടുക്കുന്നതിന് ഗൾഫ് രാജ്യങ്ങളെ പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാൻ തുറമുഖങ്ങൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധത്തെ ചൈന രൂക്ഷമായി വിമർശിച്ചു. അമേരിക്കയുടെ ബ്ലോക്കേഡ് അപകടകരവും നിരുത്തരവാദപരവുമാണ്. ഇത് വെടിനിർത്തൽ കരാറിനെ പ്രതികൂലമായി ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.
ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധം വകവയ്ക്കാതെ ‘റിച്ച് സ്റ്റാറി’ എന്ന ചൈനീസ് ബന്ധമുള്ള കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നുപോയതായും റിപ്പോർട്ടുകളുണ്ട്. ഇത് അമേരിക്കൻ ഉപരോധത്തോടുള്ള ചൈനയുടെ വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ ചൈനയുടെ ഈ നിർദ്ദേശങ്ങൾ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.

