കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘രോഹിത് വെമുല ആക്ട്’ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്യാമ്പസുകളിൽ ജാതി വിവേചനം നടത്തുന്ന അധ്യാപകർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ദളിത് സംഘടനകൾ ആവശ്യപ്പെട്ടു.(Nitin Raj’s death, Strong demand for implementation of Rohith Vemula act )
നിതിൻ രാജിന്റെ മരണകാരണം ലോൺ ആപ്പ് ഭീഷണിയാണെന്ന് വരുത്തിത്തീർക്കാൻ പൊലീസ് ശ്രമിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആണ് കുടുംബമടക്കം ആരോപിക്കുന്നത്. ലോൺ ആപ്പ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും വായ്പ കൃത്യമായി തിരിച്ചടച്ചിരുന്നെന്നും, ആത്മഹത്യയ്ക്ക് കാരണം അതല്ലെന്നും നിതിൻ്റെ കുടുംബം വ്യക്തമാക്കി. കോളേജ് മാനേജ്മെന്റിനെ രക്ഷിക്കാനാണ് ഇത്തരം വാദങ്ങൾ ഉയർത്തുന്നതെന്നാണ് കുടുംബത്തിന്റെ പരാതി.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട എം.കെ. റാം ഉൾപ്പെടെയുള്ള രണ്ട് അധ്യാപകർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നിതിൻ രാജിനെ അധ്യാപകർ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള നിതിൻ്റെ മൊബൈൽ ഫോൺ വിശദമായ പരിശോധനയ്ക്കായി അയക്കും. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

