HomeTaste Of Timesനാടൻ താറാവ് കറി | Duck Curry

നാടൻ താറാവ് കറി | Duck Curry

 

വളരെ സ്വാദിഷ്ടമായ നാടൻ താറാവ് കറി (Duck Curry) തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

താറാവ് – 1 എണ്ണം
ഉരുളക്കിഴങ്ങ് – 2 എണ്ണം
സവാള – 4 എണ്ണം
പച്ചമുളക് – 10 എണ്ണ
കറിവേപ്പില -3 തണ്ട്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 3 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 2 ടേബിൾ സ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
ഗരം മസാല പൊടിക്കാത്തത് – പട്ട, ഗ്രാമ്പു, ഏലയ്ക്ക, കറുവ ഇല, പെരും ജീരകം മുതലായവ,
തേങ്ങ പാൽ (ഒന്നാം പാൽ) – 1 കപ്പ്
തേങ്ങ പാൽ (രണ്ടാം പാൽ) – 2 കപ്പ്
ഉപ്പും മഞ്ഞൾപ്പൊടിയും – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കുറച്ച് ഉപ്പ്, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ കഴുകി വച്ചിരിക്കുന്ന താറാവ് ഇറച്ചിയിൽ ചേർത്ത് പ്രഷർ കുക്കറിൽ വേവിച്ച് എടുക്കുക.
ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് പൊടിയ്ക്കാത്ത ഗരം മസാല കൂട്ടുകൾ ചേർത്ത് നല്ലതുപോലെ മൂത്തതിനു ശേഷം ചതച്ചു വച്ചിട്ടുള്ള ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചേർത്തു കൊടുക്കുക. ഇതിന്റെ പച്ചമണം മാറുന്നതു വരെ ഇളക്കുക. ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടിയും ഉപ്പും അരിഞ്ഞ് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേർക്കാം. കിഴങ്ങ് കുറച്ച് വേകുന്നതു വരെ ഇളക്കി കൊടുക്കുക. അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും കൂടി ചേർത്ത് നന്നായി വഴറ്റി എടുക്കുക.

അതിനു ശേഷം മല്ലിപ്പൊടി ചേർത്ത് അതിന്റെ പച്ചമണം മാറുന്നതുവരെ ഇളക്കണം. കുരുമുളകു പൊടി ചേർത്ത് കൊടുക്കാം. അതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന ഇറച്ചി ഇതിലേയ്ക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇതിലെ വെള്ളം വറ്റുന്നതുവരെ ഇളക്കണം. അതിനു ശേഷം തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് അടച്ച് വച്ച് കറി കുറുകുന്നതു വരെ വേവിക്കുക. കറിവേപ്പില ഇട്ടു കൊടുക്കാം.
അതിനു ശേഷം ഗരംമസാല പൊടി ചേർത്ത് നന്നായി ഇളക്കി അതിലേയ്ക്ക് ഒന്നാം പാൽ ചേർത്ത് ഇളക്കി ചൂടാകുമ്പോൾ തീ ഓഫ് ചെയ്യുക. ഒന്നാം പാൽ ഒഴിച്ചാൽ തിളയ്ക്കാതെ നോക്കണം.

Clickable Info Box