HomeKerala"ലക്ഷ്യം അടുത്ത 15 വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയാവുക, തൽക്കാലം അമ്മ പ്രസിഡന്റ് സ്ഥാനം...

“ലക്ഷ്യം അടുത്ത 15 വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയാവുക, തൽക്കാലം അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുന്നു”; ട്രോളുകൾക്ക് മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ | Dhyan sreenivasan funny speech amma president resignation

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ (Dhyan sreenivasan funny speech amma president resignation) പുതിയ പ്രസിഡന്റായി താൻ ചുമതലയേറ്റേക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വൻ അഭ്യൂഹങ്ങൾ സ്വന്തം ശൈലിയിലുള്ള തമാശകളിലൂടെ തള്ളി നടൻ ധ്യാൻ ശ്രീനിവാസൻ. താൻ കേരള മുഖ്യമന്ത്രിയാകാൻ വലിയ പദ്ധതികൾ ഇട്ടു കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അമ്മയുടെ പ്രസിഡന്റാകാനുള്ള ഓഫർ വന്നതെന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. താൻ ഒരിക്കലും ആ സ്ഥാനത്തേക്ക് വരാൻ ആഗ്രഹിച്ചിട്ടില്ലെന്നും, ട്രോളന്മാരും മാധ്യമങ്ങളും കൂടി ഇപ്പോൾ തന്റെ തലയിൽ വെച്ചുതന്നിരിക്കുന്ന പ്രസിഡന്റ് സ്ഥാനം താൻ ഇതാ ഔദ്യോഗികമായി രാജിവെയ്ക്കുകയാണെന്നും ധ്യാൻ ചിരിയോടെ വ്യക്തമാക്കി. ഉർവശി, നവ്യ നായർ എന്നിവർക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ ‘വിസിറ്റർ’ (Visitor) എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.

തന്റെ സ്വഭാവിക ശൈലിയിൽ ധ്യാൻ ശ്രീനിവാസൻ വേദിയിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു:

“കഴിഞ്ഞ കുറച്ചുനാളായി സിനിമകൾ കുറച്ചിട്ട് സ്റ്റേജ് ഷോകളിലും പരസ്യങ്ങളിലുമാണ് ഞാൻ കൂടുതൽ ശ്രദ്ധകൊടുക്കുന്നത്. അങ്ങനെയിരിക്കെ ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ആസ്ട്രേലിയയിലിരിക്കുകയാണ് ഞാൻ. തമിഴ്നാട്ടിൽ നടൻ വിജയ് രാഷ്ട്രീയത്തിലിറങ്ങി മുഖ്യമന്ത്രിയാകാൻ തയാറെടുക്കുമ്പോൾ ഞാൻ തീരുമാനിച്ചു, അടുത്ത ഒരു 15 വർഷത്തിനുള്ളിൽ എനിക്കും അങ്ങനെയാകാമെന്ന്. അപ്പോഴാണ് നാട്ടിൽ നിന്ന് അജു വർഗീസ് എന്നെ വിളിക്കുന്നത്. നീ ആദ്യം മുഖ്യമന്ത്രിയാകാൻ നോക്കണ്ട, അതിന്റെ ആദ്യ ചുവടുവെപ്പ് എന്ന നിലയിൽ അമ്മയുടെ പ്രസിഡന്റാവൂ എന്നായിരുന്നു അജുവിന്റെ നിർദ്ദേശം. ചാരിറ്റി പ്രവർത്തനങ്ങളൊക്കെ ചെയ്ത് ആളുകളുടെ കണ്ണിൽ പൊടിയിട്ടതിനുശേഷം പതുക്കെ മുഖ്യമന്ത്രിയാകാം എന്നും അജു എന്നോട് പറഞ്ഞു.

ഞാൻ ഓസ്ട്രേലിയയിലിരിക്കുമ്പോഴാണ് അമ്മയുടെ നേതൃസ്ഥാനത്തേക്ക് ഞാൻ വന്നേക്കും എന്ന തരത്തിലുള്ള വാർത്തകളൊക്കെ വരുന്നത്. അയർലൻഡിൽ ലാലേട്ടൻ (മോഹൻലാൽ) ഒരു ഷോയ്ക്ക് തയ്യാറെടുത്ത് നിൽക്കുമ്പോൾ നാട്ടിൽ കാണുന്ന വാർത്ത അമ്മ പ്രസിഡന്റാവാൻ ധ്യാൻ സന്നദ്ധത അറിയിച്ചു എന്നാണ്. യഥാർത്ഥത്തിൽ അമ്മയിലെ യഥാർത്ഥ ‘പവർ ഗ്രൂപ്പ്’ എന്നത് അജു വർഗീസാണ്. ഇതിനിടെ അമ്മയിലേക്ക് ഇപ്പോൾ വരേണ്ടെന്നും അവിടെ ഭയങ്കര പ്രശ്നങ്ങളാണ് നടക്കുന്നതെന്നും അജു വീണ്ടും വിളിച്ചുപറഞ്ഞു. അമ്മയുടെ പ്രസിഡന്റും മുഖ്യമന്ത്രിയുമൊന്നും ആവണ്ട, ഗവർണറാകുകയാണ് എനിക്ക് പറ്റിയ പണിയെന്ന് അജു തിരുത്തി. അതാകുമ്പോൾ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ.

അതിനിടയിൽ എന്റെ അമ്മ എന്നെ വിളിച്ച് പറഞ്ഞു, മോനേ നീ അമ്മ സംഘടനയുടെ പ്രസിഡന്റാകാൻപോകുകയാണെന്ന് കേട്ടല്ലോ, അതൊരിക്കലും പാടില്ലെന്ന്. അച്ഛൻ (ശ്രീനിവാസൻ) ഒരിക്കലും ആ സ്ഥാനത്തേക്ക് പോകാതിരുന്നതിന്റെ കാരണം സ്ട്രെയിറ്റ് ഫോർവേർഡ് ആയ ആളുകൾക്ക് ആ സ്ഥാനത്തിരിക്കാൻ പറ്റില്ല എന്നത് കൊണ്ടാണ്. കാരണം ചില കാര്യങ്ങളിൽ നമ്മൾ കണ്ണടയ്ക്കേണ്ടിവരുമെന്നും അമ്മ ഉപദേശിച്ചു. പക്ഷേ ആ പറഞ്ഞതിന്റെ അർത്ഥം എനിക്ക് പൂർണ്ണമായി മനസിലായില്ല. എങ്കിലും മുഖ്യമന്ത്രിയായി എവിടെയോ ഒതുങ്ങിക്കൂടണമെന്നാഗ്രഹിച്ചിരുന്ന എന്നെ അമ്മയുടെ പ്രസിഡന്റാക്കിയേ തീരൂ എന്ന വാശിയിലാണ് എന്റെ മെന്ററായ അജു വർഗീസ്. അതുകൊണ്ട്, ഞാൻ ഒരിക്കലും ആകണമെന്ന് ആഗ്രഹിക്കാത്ത, മാധ്യമങ്ങൾ തന്ന ആ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഇതാ ഞാൻ പരസ്യമായി രാജിവെയ്ക്കുന്നു.”
ഹൊറർ ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘വിസിറ്റർ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളും ചടങ്ങിൽ പങ്കുവെച്ചു. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രം ഔറിക ഫിലിംസിന്റെ (Aurika Films) ബാനറിൽ അബ്ദുൽ ഗഫൂറാണ് നിർമ്മിക്കുന്നത്. നീതു മാത്യു രചന നിർവ്വഹിക്കുന്ന ചിത്രത്തിൽ അനൂപ് ഹോർമീസ്, അനിൽ തമലം എന്നിവരാണ് സഹനിർമ്മാതാക്കൾ. ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ തങ്ങളുടെ കരിയറിൽ ആദ്യമായാണ് ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെ പി എ സി ലീല, കലാരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Story Summary: Actor Dhyan Sreenivasan humorously dismissed rumors circulating about him becoming the next president of the actors’ association ‘AMMA’. Speaking at the promotional event for his upcoming horror film ‘Visitor’, co-starring Urvashi and Navya Nair, Dhyan joked that his friend Aju Varghese, whom he called the real “power group” of AMMA, advised him to take up the post as a stepping stone to becoming Chief Minister in 15 years. Dhyan added that he is jokingly “resigning” from the rumored presidency.

Clickable Info Box