വാഷിംഗ്ടൺ: ഇറാനുമായുള്ള തർക്കത്തിൽ തന്ത്രം മാറ്റി ട്രംപ് ഭരണകൂടം. നേരിട്ടുള്ള സൈനിക നീക്കങ്ങൾക്ക് പകരം ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും തകർക്കുന്ന ‘സാമ്പത്തിക ബോംബാക്രമണത്തിനാണ്’ അമേരിക്ക ലക്ഷ്യമിടുന്നത്. നിലവിലുള്ള വെടിനിർത്തൽ കരാർ നീട്ടുകയോ ചർച്ചകൾ വിജയിക്കുകയോ ചെയ്തില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ കടുത്ത നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി.(America drops ‘economic bomb’ on Iran, Move to suffocate it economically)
ഇറാനെ ആഗോള സാമ്പത്തിക ശൃംഖലയിൽ നിന്ന് ഒറ്റപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബെസന്റ് ഇതിന്റെ ഗൗരവം വിശദീകരിച്ചു. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കും ഇറാന്റെ പണം കൈകാര്യം ചെയ്യുന്ന വിദേശ ബാങ്കുകൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ചൈന, ഹോങ്കോംഗ്, യുഎഇ, ഒമാൻ എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അമേരിക്കൻ ട്രഷറി വകുപ്പ് ഔദ്യോഗികമായി കത്തയച്ചു. ഇറാന്റെ നിയമവിരുദ്ധ ഇടപാടുകൾക്ക് കൂട്ടുനിന്നാൽ അവരെ അമേരിക്കയുടെ സാമ്പത്തിക ഇടപാടുകളിൽ നിന്ന് പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. ഇറാനും റഷ്യയും സംയുക്തമായി നടത്തിയിരുന്ന രഹസ്യ എണ്ണക്കടത്ത് ശൃംഖലയെ അമേരിക്ക കഴിഞ്ഞ ദിവസം തകർത്തു. യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നിരവധി കമ്പനികളും കപ്പലുകളും ഇതിന്റെ ഭാഗമായി ഉപരോധ പട്ടികയിൽ ഇടംപിടിച്ചു. മുൻ ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥൻ അലി ഷംഖാനിയുമായി ബന്ധപ്പെട്ട സംഘമാണ് ഇതിന് നേതൃത്വം നൽകിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

