ചെന്നൈ: നടി തൃഷയ്ക്കെതിരായ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിൽ ഉയർന്നത് നാടകീയ രംഗങ്ങൾ. വീടിനുള്ളിൽ പോലീസും കുടുംബാംഗങ്ങളും തമ്മിൽ നടന്ന സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.(Udhayanidhi Stalin Arrest, High Drama Inside Udhayanidhi Stalin House Before Police Arrest)
ഉദയനിധിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരോട് അദ്ദേഹം ടോയ്‌ലെറ്റിലാണെന്നും തയ്യാറാകാൻ കുറച്ചു സമയംകൂടി വേണമെന്നും ഭാര്യ കിരുത്തിഗ ഉദയനിധി ആവശ്യപ്പെടുന്നത് വീഡിയോയിൽ വ്യക്തമാണ്. “ഞങ്ങൾ ഏറെ നേരമായി കാത്തുനിൽക്കുന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല, ഞങ്ങളുടെ ജോലി ചെയ്യാനാണ് വന്നിരിക്കുന്നത്,” എന്ന് പോലീസുകാരൻ പറയുമ്പോൾ, “അദ്ദേഹം ടോയ്‌ലറ്റിലാണ്, ദയവായി കുറച്ചു സമയംകൂടി നൽകണം,” എന്ന് കിരുത്തിഗ അഭ്യർത്ഥിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന മുൻ മന്ത്രി എം.എ. സുബ്രഹ്മണ്യനും പോലീസിനോട് സമയം നീട്ടിനൽകാൻ അഭ്യർത്ഥിച്ചു. തഞ്ചാവൂരിലേക്ക് എട്ടു മണിക്കൂറോളം ദീർഘദൂര യാത്രയുള്ളതിനാൽ പ്രഭാതകൃത്യങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും, അപ്പോഴേക്കും അഭിഭാഷകൻ ശരവണൻ എത്തുമായിരിക്കുമെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, 10 മിനിറ്റ് കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് എത്രനേരം കാത്തുനിൽക്കുമെന്നും തങ്ങൾ നിയമലംഘനം നടത്തിയിട്ടില്ലെന്നും പോലീസ് തിരിച്ചടിച്ചു.
തഞ്ചാവൂരിൽ നടന്ന കാവേരി പ്രതിഷേധത്തിനിടെ സദസ്സിൽ നിന്ന് ഉയർന്ന വിളി കേട്ട് നടി തൃഷയ്ക്കെതിരെ ദ്വയാർത്ഥ പരാമർശം നടത്തിയതിനാണ് ഉദയനിധിക്കെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്ക് പുറമെ വനിതാ പീഡന നിരോധന നിയമം, ഐ.ടി ആക്ട് എന്നിവയും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയന്റെ പാർട്ടിയായ ടി.വി.കെ ദേശീയ വനിതാ കമ്മീഷനെയും പോലീസിനെയും സമീപിച്ചതോടെയാണ് ഉദയനിധിയുടെ അറസ്റ്റിലേക്ക് വഴിവെച്ചത്.
Story Summary
High drama unfolded inside Udhayanidhi Stalin’s Chennai residence before his arrest over remarks against actor Trisha. Video footage captured his wife Kiruthiga Udhayanidhi and leader MA Subramaniam asking police officers for time while the leader prepared to be taken into custody.


