തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ സൗജന്യ ബസ് യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളിൽ ന്യായീകരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചാണ് താൻ സംസാരിച്ചതെന്നും, താൻ എപ്പോഴും സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ആളാണെന്നും മന്ത്രി പറഞ്ഞു.(CP John Clarifies Remarks On Priyadarshini Free Bus Scheme)
രാഹുൽ ഗാന്ധിയുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായാണ് പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചത്. പൊതു ഗതാഗതം, പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ മൂന്ന് പ്രധാന മേഖലകളിലും അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്ന് വ്യക്തമാക്കുക മാത്രമാണ് താൻ ഉദ്ദേശിച്ചത്. പ്രിയദർശിനി പദ്ധതി വൻ വിജയമാണെന്നും അതുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിക്കൊപ്പം തന്നെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്.
താൻ തെറ്റായ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ല. എങ്കിലും സംസാരിക്കുമ്പോൾ ഇനി കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.
Story Summary
Transport Minister CP John justified his controversial remarks regarding women using the Priyadarshini free bus service. He stated that his comments were misinterpreted and that he was merely highlighting the economic struggles of women in the state while emphasizing the need to improve public sectors.


