അഹില്യാനഗർ: നീറ്റ് (NEET) പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിൽ മനംനൊന്ത് മഹാരാഷ്ട്രയിലെ അഹില്യാനറിൽ പെൺകുട്ടി ജീവനൊടുക്കി. ജലാൽപൂർ ഗ്രാമവാസിയായ അങ്കിത സങ്ലെ എന്ന വിദ്യാർത്ഥിനിയെയാണ് ശനിയാഴ്ച വൈകുന്നേരം സ്വന്തം വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(NEET Aspirant Dies By Suicide In Ahilyanagar Due To Low Score)
വൈകുന്നേരം 4.30 ഓടെയാണ് സംഭവം പുറത്തറിയുന്നത്. രാജ്യവ്യാപകമായി നടന്ന വൈദ്യശാസ്ത്ര പ്രവേശന പരീക്ഷയിൽ 166 മാർക്ക് മാത്രമാണ് അങ്കിതയ്ക്ക് നേടാനായത്. ഇതിനുപിന്നാലെ പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.
സംഭവസ്ഥലത്തുനിന്ന് മറാത്തിയിൽ എഴുതിയ ഒരു ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. “എനിക്ക് നിങ്ങൾ ഒരുപാട് സ്നേഹം നൽകി, എന്നാൽ നിങ്ങളുടെ ഒരു ആഗ്രഹം പോലും എനിക്ക് നിറവേറ്റാൻ കഴിഞ്ഞില്ല. അമ്മേ, എല്ലാ പ്രതിസന്ധിയിലും ഒരു കൂട്ടുകാരിയെപ്പോലെ എന്നെ പിന്തുണച്ചു. ദാദാ, നിങ്ങളും എന്നെ ഒരുപാട് സഹായിച്ചു. അമ്മയേക്കാളും അച്ഛനേക്കാളും സ്നേഹിച്ചു. എന്റെ മരണത്തിന് നിങ്ങൾ ഉത്തരവാദികളല്ല. നീറ്റിനായി പഠിക്കുമ്പോൾ നിങ്ങൾ എനിക്കായി എല്ലാം ത്യജിച്ചു, എന്നാൽ ഞാൻ പരാജയപ്പെട്ടു,” എന്ന് കുറിപ്പിൽ പറയുന്നു.
വീട്ടുകാരെ നന്നായി നോക്കണമെന്നും അവരെ വിഷമിപ്പിക്കരുതെന്നും സഹോദരനോട് അഭ്യർത്ഥിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Summary
A NEET aspirant named Ankita Sangle died by suicide in Ahilyanagar, Maharashtra, after scoring low marks in the medical entrance exam. She left a emotional suicide note thanking her family for their support and apologizing for not fulfilling their dreams. Police have registered a case of accidental death.


