ന്യൂഡൽഹി: എഥനോൾ കലർന്ന E20 പെട്രോളിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്താനുള്ള ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ നീക്കം ഡൽഹി പൊലീസ് തടഞ്ഞു (Arvind Kejriwal E20 Petrol Protest). നൂറോളം പേരുമായി പ്രധാനമന്ത്രിയെ നേരിൽ കണ്ട് പൊതുജനങ്ങളുടെ പരാതികൾ അടങ്ങിയ നിവേദനങ്ങൾ കൈമാറാനായിരുന്നു കെജ്രിവാളിന്റെ നീക്കം.
മാർച്ച് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരോട് പ്രതികരിച്ച കെജ്രിവാൾ, “ഞങ്ങൾ ഭീകരവാദികളല്ല, E20 വിഷയത്തിൽ പ്രധാനമന്ത്രിയെ കാണാനാണ് വന്നത്. ഞങ്ങളെ കാണാൻ അനുവദിക്കണമെന്ന് അദ്ദേഹത്തെ അറിയിക്കൂ,” എന്ന് ആവശ്യപ്പെട്ടു. എന്നാൽ മാർച്ചിന് അനുമതി നൽകിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
E20 പെട്രോളുമായി ബന്ധപ്പെട്ട ആശങ്കകൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയോട് കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം കത്ത് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നും അതിനാലാണ് നേരിട്ട് നിവേദനം നൽകാൻ തീരുമാനിച്ചതെന്നും കെജ്രിവാൾ പറഞ്ഞു.
E20 ഇന്ധനം ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങൾക്ക് പ്രശ്നങ്ങൾ നേരിടുന്നതായി നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും, ഇതിനെക്കുറിച്ച് സർക്കാർ വിശദീകരണം നൽകണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. പെട്രോൾ പമ്പുകളിൽ സാധാരണ പെട്രോളിനും E20 ഇന്ധനത്തിനും ഒരുപോലെ അവസരം നൽകണമെന്നും എഥനോൾ കലർന്ന പെട്രോളിന്റെ വില കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കെജ്രിവാളിന്റെ നീക്കത്തെ ബിജെപി വിമർശിച്ചു. ബിജെപി എംപി തരുൺ ചുഗ് ഇത് “അർഥശൂന്യമായ പ്രചാരണം” ആണെന്ന് വിശേഷിപ്പിച്ചു. എഥനോൾ മിശ്രിത ഇന്ധനം കർഷകർക്ക് ഗുണം ചെയ്യുന്നതാണെന്നും ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്രയും കെജ്രിവാളിനെതിരെ രംഗത്തെത്തി. അനുമതിയില്ലാതെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. E20 ഇന്ധന നയവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നടത്തിയ പ്രതിഷേധ പരിപാടിയിൽ രണ്ട് ലക്ഷത്തിലധികം പേർ ഒപ്പിട്ട നിവേദനം ലഭിച്ചതായും കെജ്രിവാൾ അവകാശപ്പെട്ടു. വിഷയത്തിൽ കേന്ദ്ര സർക്കാരുമായുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ തുടരുകയാണ്.
Summary: AAP leader Arvind Kejriwal was stopped by Delhi Police while attempting to march to Prime Minister Narendra Modi’s residence with petitions opposing E20 petrol. Kejriwal demanded a meeting with the Prime Minister, while the BJP criticised the protest as a political campaign.


