തിരുവനന്തപുരം: വിഴിഞ്ഞത്ത് സുമൻ എന്ന യുവാവിനെ നടുറോഡിലിട്ട് അടിച്ചുകൊന്ന സംഭവത്തിൽ മനുഷ്യസാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ബാർ ജീവനക്കാരടക്കം പന്ത്രണ്ടോളം പേർ നോക്കിനിൽക്കെയായിരുന്നു പ്രതികളായ അച്ചുവും അനന്തുവും ചേർന്ന് സുമനെ ക്രൂരമായി മർദിച്ചത്. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് ബാർ ജീവനക്കാരാണ്. തുടർന്ന് ഇവരെയും ആക്രമിക്കാൻ ശ്രമിച്ചു. (Vizhinjam murder, cruelty continued despite loss of life)
കൊല്ലപ്പെട്ട സുമനും പ്രതികളും തമ്മിൽ മുൻപരിചയമില്ലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതിയായ അച്ചുവും മറ്റൊരാളും തമ്മിൽ ബാറിനുള്ളിൽ വാക്കുതർക്കമുണ്ടായി. ഇത് കൈയാങ്കളിയിലേക്ക് നീങ്ങിയപ്പോൾ സുമൻ ഇടപെട്ടു. ഇതോടെ തർക്കം സുമനും അച്ചുവും തമ്മിലായി.
രാത്രി 12 മണിയോടെ ബാറിന് പുറത്തിറങ്ങിയ സുമൻ അച്ചുവിനെ മർദിച്ചു. ഇതിൽ പ്രകോപിതനായ അച്ചു ഉടൻ തന്നെ സഹോദരൻ അനന്തുവിനെ വീട്ടിൽ നിന്ന് വിളിച്ചുവരുത്തി. സഹോദരങ്ങൾ രണ്ടുപേരും ചേർന്ന് സുമനെ വളഞ്ഞിട്ട് മർദിച്ചു. മരണം ഉറപ്പായിട്ടും മർദനം തുടർന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മർദനം നടക്കുമ്പോൾ ബാർ ജീവനക്കാരും നാട്ടുകാരും അടക്കം നിരവധിപ്പേർ സംഭവസ്ഥലത്തുണ്ടായിരുന്നു.
രണ്ട് ബാർ ജീവനക്കാർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. വീഡിയോ എടുത്ത ജീവനക്കാരനെ പ്രതികൾ ആക്രമിക്കാനും ശ്രമിച്ചു. ഒടുവിൽ ബാറിലെ ബൗൺസർ മുളക് സ്‌പ്രേ പ്രയോഗിച്ചതോടെയാണ് പ്രതികൾ കടന്നുകളഞ്ഞത്. പിന്നീട് ആ വഴി വന്ന കാർ യാത്രക്കാരാണ് സുമനെ ആശുപത്രിയിലെത്തിച്ചതെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. വിഴിഞ്ഞം സ്വദേശികളായ അച്ചു എസ്. ബാബു, സഹോദരൻ അനന്തു, സുഹൃത്തുക്കളായ സൂര്യജിത്ത്, കൃഷ്ണപ്രസാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

