തൃശൂർ: കേരളത്തിൽ എയിംസ് (AIIMS) യാഥാർത്ഥ്യമാക്കാൻ സാധിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രിയും എം.പിയുമായ സുരേഷ് ഗോപി (Suresh Gopi AIIMS Kerala). എയിംസിന്റെ പേരിൽ എല്ലാവരും തന്നെ ഒരുപാട് വേട്ടയാടിയതാണെന്നും, ഇനി അത് കേരളത്തിൽ വരികയാണെങ്കിൽ അതിന്റെ പൂർണ്ണമായ ക്രെഡിറ്റ് തനിക്കായിരിക്കുമെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. എയിംസ് കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ താൻ ഇനി ജനങ്ങളോട് വോട്ട് ചോദിച്ച് വരില്ലെന്നും, ഇത്തരമൊരു വെല്ലുവിളി ഉയർത്താൻ വേറെ ഏത് എം.പിക്കാണ് ധൈര്യമുള്ളതെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അനുയോജ്യമായ അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി ശുപാർശ നൽകുകയാണ് സംസ്ഥാന സർക്കാർ ഇനി ചെയ്യേണ്ടത്. കേന്ദ്രം നിർദ്ദേശിക്കുന്ന ഏത് സ്ഥലവും എയിംസിനായി വിട്ടുനൽകാമെന്ന സംസ്ഥാന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പുതിയ നിലപാട് തികച്ചും സ്വാഗതാർഹമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. കൃത്യമായ രേഖകളോടെ കാര്യങ്ങൾ നീക്കിയാൽ അടുത്ത ബജറ്റിന് മുൻപായി തന്നെ കേരളത്തിന് എയിംസ് അനുവദിച്ച് കിട്ടുമെന്നാണ് പ്രതീക്ഷ.
കേരളത്തിൽ എവിടെ എയിംസ് വന്നാലും സന്തോഷമേയുള്ളൂ. എങ്കിലും മികച്ച ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള ആലപ്പുഴയോ ഇടുക്കിയോ ആണ് ഇതിനായി പരിഗണിക്കേണ്ടത്. അതല്ലെങ്കിൽ കേന്ദ്രീയമായ സ്ഥാനവും വികസന സാധ്യതകളുമുള്ള തൃശൂരിനും ഇതിന് അവകാശമുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ എയിംസിനായി കോഴിക്കോട് കിനാലൂർ മാത്രമേ ഉള്ളൂ എന്ന കടുംപിടുത്തം പിടിച്ചതുകൊണ്ടാണ് മുൻപ് കേരളത്തിന് ഇത് നിഷേധിക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.
അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികൾ കാരണമാണ് രാജ്യത്ത് ഇന്ധനവില വർദ്ധിക്കുന്നതെന്നും, ജനങ്ങളുടെ ഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാൻ തയ്യാറാകണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ മാറുമ്പോൾ ഇന്ധനവില കുറയ്ക്കാൻ താൻ വ്യക്തിപരമായി കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Story Summary: Union Minister and MP Suresh Gopi reiterated his stance that he will quit politics if he fails to establish an AIIMS in Kerala. Welcoming the new UDF state government’s positive approach on land allocation, he blamed the previous Chief Minister Pinarayi Vijayan’s rigid stance on Kozhikode for the project’s delay.

