കൊച്ചി: പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ എച്ച്.എം.ഡി (HMD Vibe 2 5G) തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് സൗഹൃദ മോഡലായ ‘എച്ച്.എം.ഡി വൈബ് 2 5ജി’ (HMD Vibe 2 5G) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ സ്റ്റാർട്ടപ്പായ സെർവം എ.ഐയുടെ (Sarvam AI) ‘ഇൻഡസ്’ എ.ഐ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ രാജ്യത്തെ ആദ്യ ഫോണാണിത്. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് വഴിയാണ് ഫോണിന്റെ വില്പന ആരംഭിച്ചിരിക്കുന്നത്. നിലവിൽ പ്രത്യേക ഓഫറിന്റെ ഭാഗമായി 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡൽ 12,499 രൂപയ്ക്ക് സ്വന്തമാക്കാം.
ഇന്ത്യൻ യുവാക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് എ.ഐ അധിഷ്ഠിത ഫീച്ചറുകളും മികച്ച കണക്റ്റിവിറ്റിയും പ്രീമിയം ഡിസൈനും സമന്വയിപ്പിച്ചാണ് ഈ ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 15,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോൺ വിഭാഗത്തിൽ വലിയ ചലനം സൃഷ്ടിക്കാൻ പോന്ന ഫീച്ചറുകളുമായാണ് ഫോണിന്റെ വരവ്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 16 (Android 16) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. 18 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000 എം.എ.എച്ചിന്റെ (6000 mAh) കരുത്തുറ്റ അഡാപ്റ്റീവ് ബാറ്ററിയാണ് ഇതിന്റെ പ്രധാന ആകർഷണം.
പ്രധാന സവിശേഷതകൾ:
ഡിസ്‌പ്ലേ: സുഗമമായ ഉപയോഗത്തിന് സഹായിക്കുന്ന 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ.
പ്രൊസസ്സർ: മികച്ച പ്രവർത്തനക്ഷമത നൽകുന്ന 2.3 ഗിഗാഹെർട്സിന്റെ ഒക്ടാ-കോർ പ്രൊസസ്സർ.
ക്യാമറ: പിന്നിൽ 50 മെഗാപിക്സലിന്റെ ഡ്യുവൽ എ.ഐ ക്യാമറയും മുൻവശത്ത് സെൽഫികൾക്കായി 8 മെഗാപിക്സൽ ക്യാമറയും.
സുരക്ഷയും ഡിസൈനും: വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്ന ഐ.പി.64 (IP64) റേറ്റിംഗോടുകൂടിയ പ്രീമിയം ലുക്ക്.
സെർവം എ.ഐ, കേന്ദ്ര സർക്കാരിന്റെ സഞ്ചാർ സാഥി പോർട്ടൽ, ഫ്ലിപ്കാർട്ട് എന്നിവയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെയാണ് എച്ച്.എം.ഡി ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഡിജിറ്റൽ സുരക്ഷയ്ക്കും പ്രാദേശിക സാങ്കേതിക വിദ്യകൾക്കും മുൻഗണന നൽകിക്കൊണ്ട് മികച്ചൊരു സ്മാർട്ട്ഫോൺ അനുഭവം ഇന്ത്യൻ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
Story Summary: HMD Vibe 2 5G, India’s first smartphone featuring Indus by Sarvam AI, has gone on sale on Flipkart at a special price of ₹12,499. Operating on Android 16, the budget-friendly device comes with a 6000 mAh battery, a 120Hz display, and a 50MP dual AI camera.

