തിരുവനന്തപുരം: കേരളത്തിൽ വേനൽ കടുക്കുന്നു. വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അന്തരീക്ഷതാപനില സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.(Severe heat continues in the state, Yellow alert in 12 districts)
പാലക്കാട്: 40°C വരെ, കൊല്ലം: 39°C വരെ, കോട്ടയം: 38°C വരെ, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്: 37°C വരെ, തിരുവനന്തപുരം: 36°C വരെ എന്നിങ്ങനെയാണ് താപനില.
സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന “ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45°C മുതൽ 55°C വരെ ഉയരും” എന്ന സന്ദേശം പൂർണ്ണമായും വ്യാജമാണെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ഇത്തരത്തിൽ ഒരു ഔദ്യോഗിക മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകിയിട്ടില്ല. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

