പാലക്കാട്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകാനുള്ള സർക്കാർ നീക്കം ഏകപക്ഷീയമാണെന്ന് ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ. പുതിയ തീരുമാനം നടപ്പിലായാൽ സ്വകാര്യ ബസ് മേഖലയെ ഇത് തകർക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.(Private Bus Operators Oppose Free KSRTC Travel For Women In Kerala)
കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിൽ വലിയൊരു പങ്ക് വഹിക്കുന്നത് സ്വകാര്യ ബസുകളാണ്. കർണാടകയിലോ തമിഴ്‌നാട്ടിലോ ഉള്ളത് പോലെയല്ല കേരളത്തിലെ സാഹചര്യം. കെഎസ്ആർടിസിയുടെ കണക്കുകൾ പ്രകാരം പ്രതിദിനം 19 ലക്ഷത്തോളം സ്ത്രീകളാണ് യാത്ര ചെയ്യുന്നത്. ഇവർ മുഴുവൻ സർക്കാർ ബസുകളിലേക്ക് മാറിയാൽ സ്വകാര്യ ബസ് ഉടമകൾക്ക് കനത്ത സാമ്പത്തിക ആഘാതം നേരിടേണ്ടി വരും.
തിരഞ്ഞെടുപ്പിന് മുന്നോടിയായി വി.ഡി. സതീശൻ നടത്തിയ ‘പുതുയുഗ യാത്ര’യിൽ ഈ പ്രശ്നങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നതായും പ്രശ്നപരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നതായും ഗോപിനാഥൻ ഓർമ്മിപ്പിച്ചു. ബസ് ഉടമകളുടെ ആശങ്കകൾ പരിഗണിക്കാതെ മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സ്വകാര്യ ബസ് മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Story Summary
The All Kerala Bus Operators Organization has urged the UDF government to reconsider its plan for free KSRTC travel for women, warning it will destroy the private bus industry. General Secretary T. Gopinathan stated that the decision is one-sided and called for a special relief package for private bus owners.

