തിരുവനന്തപുരം: കേരളത്തിൽ മെയ് അവസാനത്തോടെ എത്തുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ ശക്തമാകുന്നു. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ഇതേത്തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala Weather Update, IMD issues yellow alerts in Kerala due to heavy pre monsoon rains and thunderstorms)
24 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ 7 സെന്റിമീറ്റർ മുതൽ 11 സെന്റിമീറ്റർ വരെ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കടുത്ത കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് കർശന നിർദ്ദേശമുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്:
17/05/2026 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
18/05/2026 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നിങ്ങനെയാണിത്.
മെയ് 20 വരെ സംസ്ഥാനത്തുടനീളം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശ മേഖലകളിലും ലക്ഷദ്വീപ് പരിസരങ്ങളിലും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. മെയ് 22 വരെ കേരളത്തിൽ മിക്കയിടങ്ങളിലും മഴയോ ഇടിമിന്നലോ തുടരാനാണ് സാധ്യത.
സഞ്ചാരികൾ ജാഗ്രത പാലിക്കുക!
മഴ ശക്തമായതോടെ മലയോര വിനോദസഞ്ചാര മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർ കടുത്ത ജാഗ്രത പാലിക്കണം. റോഡുകളിൽ വഴുക്കലുണ്ടാകാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ മണ്ണൊലിപ്പിനും സാധ്യതയുണ്ട്. പ്രധാന പാതകളിൽ ഗതാഗതക്കുരുക്കും താൽക്കാലിക റോഡ് തടസ്സങ്ങളും ഉണ്ടായേക്കാം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. കായൽ ടൂറിസം മേഖലകളിൽ ഹൗസ് ബോട്ട് യാത്രകൾ ആസൂത്രണം ചെയ്യുന്നവർ കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായി നിരീക്ഷിച്ച ശേഷം മാത്രം യാത്ര തുടരുക.
Story Summary
The India Meteorological Department (IMD) has issued yellow alerts for several Kerala districts due to heavy pre-monsoon showers, thunderstorms, and gusty winds. While the rains bring relief from summer heat, travelers to hill stations and backwater destinations are advised to stay cautious, and fishermen have been warned not to venture into the sea until the monsoon arrives around May 26.

