HomeNational'ഇവർക്ക് ഡോക്ടർ എന്ന് വിളിക്കപ്പെടാൻ അർഹതയില്ല'; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച...

‘ഇവർക്ക് ഡോക്ടർ എന്ന് വിളിക്കപ്പെടാൻ അർഹതയില്ല’; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച ആശുപത്രികളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | Ghaziabad Rape Case

നാലു വയസ്സുകാരിയായ പീഡനക്കേസ് ഇരയ്ക്ക് സമയബന്ധിതമായി ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ഗാസിയാബാദിലെ രണ്ട് സ്വകാര്യ ആശുപത്രികളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ( Ghaziabad Rape Case). കുട്ടി ദരിദ്ര കുടുംബത്തിൽ നിന്നായത് കൊണ്ട് ആശുപത്രികൾ ചികിത്സ നിഷേധിച്ചതെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. തങ്ങളുടെ കർത്തവ്യം നിർവഹിക്കാൻ കഴിയാത്തവർ പേരുകൾക്ക് മുന്നിൽ ‘ഡോക്ടർ’ എന്ന് ചേർക്കാൻ അർഹരല്ലെന്നും കോടതി ആഞ്ഞടിച്ചു.

മാർച്ച് 16-ന് ഗാസിയാബാദിൽ വച്ചാണ് നാല് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ബന്ധുക്കൾ രണ്ട് സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് ചികിത്സ നിഷേധിക്കപ്പെട്ടു. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയെ കണ്ടെത്തിയ ശേഷം രണ്ട് മണിക്കൂറോളം കുട്ടി ജീവനോടെയുണ്ടായിരുന്നുവെന്നും, അടിയന്തര ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നുമാണ് പിതാവിന്റെ പരാതി. ഈ ആരോപണങ്ങൾ ശരിവെക്കുന്ന റിപ്പോർട്ടാണ് കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചത്.

കുട്ടിയോട് കാണിച്ച അനാസ്ഥയ്ക്കും അസംവേദനക്ഷമതയ്ക്കും എതിരെ രൂക്ഷമായ ഭാഷയിലാണ് കോടതി സംസാരിച്ചത്. സ്വന്തം ആശുപത്രിയിൽ സൗകര്യങ്ങളില്ലെങ്കിൽ പോലും കുട്ടിക്ക് മറ്റൊരു ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കാൻ ഡോക്ടർമാർക്ക് ഉത്തരവാദിത്തമുണ്ടായിരുന്നു. നഷ്ടപരിഹാരത്തിനപ്പുറം ഉത്തരവാദിത്തം ഉറപ്പാക്കാനാണ് കോടതി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രികൾ കുട്ടിയുടെ കുടുംബത്തിന് സന്നദ്ധ സംഭാവന നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഈ ഉത്തരവ് പാലിച്ചില്ലെങ്കിൽ കടുത്ത പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

കേസിൽ പ്രാദേശിക പോലീസിന്റെ നടപടികളും കോടതിയുടെ നിരീക്ഷണത്തിലാണ്. പരാതി നൽകാൻ എത്തിയ കുടുംബത്തെ പോലീസ് മർദ്ദിക്കുകയാണ് ചെയ്തത്. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നതിന് ശേഷമാണ് കേസെടുക്കാൻ പോലീസ് തയ്യാറായത്. പോക്സോ വകുപ്പുകൾ പോലും ആദ്യ എഫ്ഐആറിൽ ഉൾപ്പെടുത്താത്തതിൽ കോടതി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സംഭവത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയെക്കുറിച്ചും അസംവേദനക്ഷമതയെക്കുറിച്ചും ഗൗരവകരമായ അന്വേഷണം തുടരുകയാണ്.

Summary: The Supreme Court has harshly reprimanded two private hospitals in Ghaziabad for denying timely medical treatment to a four-year-old rape and murder victim, stating that the child was ignored solely due to her poverty. The Chief Justice criticized the doctors’ lack of professional duty, ordered them to make voluntary donations to the victim’s family, and also slammed the local police for their initial indifference and failure to properly register the case.

Clickable Info Box