തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി മുന്നണിയിലെ വകുപ്പ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് കഴിഞ്ഞ തവണത്തെപ്പോലെ അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കും. മറ്റ് ഘടകകക്ഷികളും തങ്ങൾക്ക് അർഹമായ പ്രധാന വകുപ്പുകൾക്കായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.(Kerala UDF Government Oath Ceremony Preparations And Portfolio Allocation Discussions)
സി. എം. പി ഇത്തവണ തുറമുഖ വകുപ്പ് ആവശ്യപ്പെട്ടപ്പോൾ; ജലവിഭവം, വൈദ്യുതി, ടൂറിസം എന്നീ മൂന്ന് പ്രധാന വകുപ്പുകൾ വേണമെന്നാണ് ആർ. എസ്. പിയുടെ ആവശ്യം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പൊതുമരാമത്ത് അല്ലെങ്കിൽ റവന്യൂ വകുപ്പുകളിലൊന്നിനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. തർക്കങ്ങളില്ലാതെ പ്രശ്നം പരിഹരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
അതൃപ്തിയിലായ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, മന്ത്രിസഭയിൽ ചേരണമെങ്കിൽ ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന കടുംപിടിത്തത്തിലാണ് എന്നാണ് സൂചന. ഈ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനായി നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശനും രമേശ് ചെന്നിത്തലയും ഇന്ന് വീണ്ടും പ്രത്യേക കൂടിക്കാഴ്ച നടത്തും. കഴിഞ്ഞദിവസം വി. ഡി. സതീശൻ നേരിട്ട് ചെന്നിത്തലയുടെ വീട്ടിലെത്തി അനുനയ ചർച്ചകൾ നടത്തുകയും മന്ത്രിസഭയുടെ ഭാഗമാകണമെന്ന് ഔദ്യോഗികമായി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
നേരത്തെ ഒരു ഘട്ടത്തിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കാനില്ലെന്ന കർശന നിലപാടിലേക്ക് ചെന്നിത്തല നീങ്ങിയിരുന്നെങ്കിലും, മുന്നണിയുടെ കെട്ടുറപ്പിനും പുതിയ സർക്കാരിന്റെ ഭരണമികവിനും ചെന്നിത്തലയെപ്പോലൊരു മുതിർന്ന നേതാവ് മന്ത്രിസഭയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് പാർട്ടികൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡും ചെന്നിത്തലയെ മന്ത്രിയാക്കാനുള്ള സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പതിനായിരത്തോളം പേർക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തലാണ് സ്റ്റേഡിയത്തിൽ തയാറാക്കുന്നത്. ചടങ്ങ് വീക്ഷിക്കാൻ ഒരു ലക്ഷത്തോളം പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി പാസ് മുഖേനയായിരിക്കും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക. പന്തലിന്റെ വശങ്ങളിൽ വീഡിയോ വാളുകൾ സ്ഥാപിക്കുന്നതിന് പുറമെ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും നിശാഗന്ധി തിയേറ്ററിലും തത്സമയ സംപ്രേഷണത്തിനായി വലിയ സ്ക്രീനുകൾ ഒരുക്കും.
സത്യപ്രതിജ്ഞയ്ക്ക് ശേഷം പുതിയ മന്ത്രിമാർ രാജ്ഭവനിൽ ഗവർണറുടെ സത്കാരത്തിൽ പങ്കെടുത്ത ശേഷമായിരിക്കും ആദ്യ മന്ത്രിസഭാ യോഗം ചേരുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എം.പി എന്നിവർക്കൊപ്പം അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സാംസ്കാരിക-ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങിൽ വിശിഷ്ടാതിഥികളായെത്തും. മെയ് 18-ന് മന്ത്രിസഭാ സത്യപ്രതിജ്ഞയ്ക്ക് ശേഷം, മെയ് 21-ന് പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞയും മെയ് 22-ന് സ്പീക്കർ തിരഞ്ഞെടുപ്പും നടക്കും. തുടർന്ന് മെയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും ജൂൺ 5-ന് പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണവും ഉണ്ടാകും.
Story Summary
The UDF is finalizing cabinet portfolios in Kerala, with IUML likely getting five ministries while RSP, CMP, and Kerala Congress (Joseph) press for key departments. Meanwhile, grand preparations are underway at Central Stadium for the oath-taking ceremony on Monday, which will be attended by top national leaders including Mallikarjun Kharge, Rahul Gandhi, and Priyanka Gandhi.

