തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് പ്രവചനം. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Heavy Rain Warning In Northern Districts Of Kerala Yellow Alert Issued)
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിൽക്കുന്ന തീരദേശ ന്യൂനമർദപാത്തിയും, തെക്കൻ ജാർഖണ്ഡിനും വടക്കൻ ഒഡീഷയ്ക്കും മുകളിലായുള്ള തീവ്രന്യൂനമർദവുമാണ് നിലവിലെ മഴയ്ക്ക് കാരണം. ഈ തീവ്രന്യൂനമർദം വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്താൽ ജൂലൈ 10 വരെ കേരളത്തിലും മാഹിയിലും ഇടവിട്ടുള്ള മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരളത്തിലെ വിവിധ തീരങ്ങളിൽ നാളെ രാത്രി 11:30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശങ്ങളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെയും, കർണാടക തീരത്ത് ജൂലൈ 10 വരെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Story Summary
The India Meteorological Department has predicted heavy rains in the northern districts of Kerala, issuing a yellow alert for Malappuram, Kozhikode, Wayanad, Kannur, and Kasaragod. Due to a coastal trough and an intense depression over Jharkhand, isolated heavy rains with strong winds are expected till July 10. High wave and storm surge warnings have been issued for several coasts, and fishermen are advised not to venture into the sea.

