കണ്ണൂർ: പയ്യന്നൂർ വെള്ളൂർ രാമൻകുളത്ത് വീടിന് സമീപം സ്ഫോടകവസ്തു എറിഞ്ഞു. വി.വി. കമലാക്ഷിയുടെ വീടിന് മുന്നിലെ പരസ്യബോർഡിൽ തട്ടിയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. എറിഞ്ഞത് കെട്ടുപടക്കമാണെന്ന് ആണ് പ്രാഥമിക നിഗമനം.(Explosive thrown at house in Payyanur, Decision to install 100 CCTV cameras in the city)
പ്രദേശത്ത് സ്ഫോടകവസ്തുക്കൾ എറിയുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പയ്യന്നൂർ നഗരസഭാ പരിധിയിൽ സിസിടിവി നിരീക്ഷണം കർശനമാക്കാൻ അധികൃതർ തീരുമാനിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 സിസിടിവി ക്യാമറകൾ സ്ഥാപിക്കും.
ക്രമസമാധാന പ്രശ്നങ്ങൾ നിലനിൽക്കുന്നതും പോലീസ് കാവലുള്ളതുമായ വീടുകളിൽ സ്വന്തം നിലയ്ക്ക് ക്യാമറകൾ സ്ഥാപിക്കാൻ വീട്ടുടമകൾക്ക് പോലീസ് നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് കാലത്തെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി ക്യാമറകൾ സ്ഥാപിക്കുന്ന കാര്യം പോലീസ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.

