ലക്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ കേസ് പരിഗണിക്കുന്നതിൽ നിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി പിന്മാറി. ഹർജിക്കാരൻ സോഷ്യൽ മീഡിയയിലൂടെ കോടതിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങളെത്തുടർന്നാണ് നടപടി (Rahul Gandhi Dual Citizenship Case).
ഹർജിക്കാരനായ വിഘ്നേഷ് ശിശിർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകൾ കോടതിയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്ന് ജസ്റ്റിസ് വിദ്യാർത്ഥി നിരീക്ഷിച്ചു. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു ഹർജിക്കാരന്റെ പോസ്റ്റുകൾ. കോടതിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയ സാഹചര്യത്തിൽ കേസ് തുടരുന്നത് ഉചിതമല്ലെന്ന് ജഡ്ജി വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും ഇത് ഇന്ത്യൻ നിയമങ്ങളുടെ ലംഘനമാണെന്നുമാണ് ഹർജിയിലെ ആരോപണം. ഭാരതീയ ന്യായ സംഹിത, ഒഫീഷ്യൽ സീക്രട്ട്സ് ആക്ട്, പാസ്‌പോർട്ട് ആക്ട് എന്നിവ പ്രകാരം രാഹുലിനെതിരെ കേസെടുക്കണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെടുന്നത്.
2003-ൽ രാഹുൽ ഗാന്ധി ‘ബാക്കോപ്സ് ലിമിറ്റഡ്’ എന്ന കമ്പനി ലണ്ടനിൽ ആരംഭിച്ചുവെന്നും 2005, 2006 വർഷങ്ങളിലെ രേഖകളിൽ തന്റെ പൗരത്വം ബ്രിട്ടീഷ് എന്ന് രേഖപ്പെടുത്തിയെന്നുമാണ് ബിജെപി പ്രവർത്തകൻ കൂടിയായ ഹർജിക്കാരൻ ആരോപിക്കുന്നത്. രാഹുലിനെതിരെ കേസ് എടുക്കാവുന്ന കുറ്റങ്ങൾ ഉണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കഴിഞ്ഞ വെള്ളിയാഴ്ച ജഡ്ജി നിരീക്ഷിച്ചിരുന്നു. എന്നാൽ പ്രതിഭാഗത്തിന് നോട്ടീസ് അയക്കാതെ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന നിയമപരമായ തടസ്സം പിന്നീട് ശ്രദ്ധയിൽപ്പെട്ടതോടെ നടപടികൾ വൈകുകയായിരുന്നു. കർണാടക സ്വദേശിയായ വിഘ്നേഷ് ശിശിർ നൽകിയ പരാതി ആദ്യം റായ്ബറേലി കോടതിയിലും പിന്നീട് ലക്നൗ കോടതിയിലുമാണ് എത്തിയത്. പുതിയ ബെഞ്ച് ഇനി ഈ കേസ് പരിഗണിക്കും.
Summary: Justice Subhash Vidyarthi of the Allahabad High Court recused himself from hearing the dual citizenship case against Congress leader Rahul Gandhi. The judge cited social media posts by the petitioner, S Vignesh Shishir, which cast aspersions on the court’s integrity. Shishir, a BJP worker, alleges that Gandhi held British citizenship through his association with a UK-based firm, Backops Ltd. While the judge previously observed that a prima facie case existed, he later emphasized the need to follow legal protocols before issuing an FIR, leading to the petitioner’s public criticism.

