തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയിൽ പരക്കെ നാശനഷ്ടം. കോഴിക്കോട് കോടഞ്ചേരി ഈരൂട്ടിലും കാസർകോട് ചിറ്റാരിക്കൽ തയ്യെനി വായിക്കാനത്തും ഉരുൾപൊട്ടി. ഈരൂട്ടിലുണ്ടായ ഉരുൾപൊട്ടലിൽ നാലേക്കറോളം ഭൂമി ഒലിച്ചുപോയെങ്കിലും ആളപായമില്ല. ചിറ്റാരിക്കലിൽ ഉരുൾപൊട്ടലിനെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി.(Kerala Rain Update Landslides In Kozhikode Kasaragod Death Toll Rises To Seven)
സംസ്ഥാനത്തൊട്ടാകെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും നാലുപേരാണ് മരിച്ചത്. മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികളും വയനാട് പടിഞ്ഞാറേത്തറയിൽ വെള്ളം പമ്പ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ഒരാളും മരിച്ചു. കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
പാലാ, ഈരാറ്റുപേട്ട, റാന്നി ടൗണുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. മൂവാറ്റുപുഴ ആറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില തരണം ചെയ്തു. മൂവാറ്റുപുഴ, കല്ലട, മീനച്ചിൽ, പമ്പ, അച്ചൻകോവിൽ നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് മലയോര മേഖലയിൽ മണ്ണിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാലക്കാട് മണ്ണാർക്കാട് വീടിന്റെ ഭിത്തി തകർന്നു വീണു. ഇടുക്കി ഏലപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണു വീണു.
സംസ്ഥാനത്ത് 9 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിമാർ അതത് ജില്ലകളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Story Summary
Heavy rainfall has caused severe landslides in Kozhikode and Kasaragod, taking the rain-related death toll in Kerala to seven. Rivers including Muvattupuzha and Meenachil have breached danger levels, while red alerts are in place across nine districts with ministers assigned to lead local relief efforts.


