ഗ്ലാസ്‌കോ: കോമൺവെൽത്ത് ഗെയിംസിന്റെ പത്താം ദിനത്തിൽ ബോക്സിങ് റിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറും 57 കിലോഗ്രാം വിഭാഗത്തിൽ ജെയ്‌സ്മിൻ ലംബോറിയയും സ്വർണം സ്വന്തമാക്കി (Preeti Pawar and Jaismine Lamboria won gold). ഫൈനലിൽ ഇരുവരും ഏകപക്ഷീയമായ വിജയമാണ് നേടിയത്. 54 കിലോഗ്രാം വിഭാഗം ഫൈനലിൽ കാനഡയുടെ സ്കാർലെറ്റ് ഡെൽഗാഡോയെ നേരിട്ട പ്രീതി, തുടക്കം മുതൽ ആക്രമണോത്സുക പ്രകടനമാണ് പുറത്തെടുത്തത്. എതിരാളിയുടെ പ്രതിരോധത്തെ കൃത്യമായ പഞ്ചുകളിലൂടെ മറികടന്ന പ്രീതി 5-0ന്റെ ഏകകണ്ഠമായ വിധിയിലൂടെ സ്വർണം ഉറപ്പിച്ചു.
57 കിലോഗ്രാം വിഭാഗം ഫൈനലിൽ വടക്കൻ അയർലൻഡിന്റെ മിഷേൽ വാൽഷിനെതിരെയായിരുന്നു ജെയ്‌സ്മിന്റെ പോരാട്ടം. റിങ്ങിൽ വ്യക്തമായ ആധിപത്യം പുലർത്തിയ ജെയ്‌സ്മിൻ 5-0ന് വിജയിച്ച് ഇന്ത്യയുടെ രണ്ടാമത്തെ ബോക്സിങ് സ്വർണം സ്വന്തമാക്കി. അതേസമയം, പുരുഷൻമാരുടെ ട്രിപ്പിൾ ജംപിലും ഇന്ത്യയ്ക്ക് ഇരട്ട മെഡൽ ലഭിച്ചു. പ്രവീൺ ചിത്രവേൽ 16.58 മീറ്റർ ചാടി വെള്ളി മെഡൽ നേടിയപ്പോൾ, പ്രഭു തിരുമാരൻ 16.52 മീറ്റർ ദൂരം താണ്ടി വെങ്കലം സ്വന്തമാക്കി.
ഇന്ന് രണ്ട് സ്വർണം കൂടി നേടിയതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആകെ സ്വർണനേട്ടം ഏഴായി. നിലവിൽ ഏഴ് സ്വർണം, 13 വെള്ളി, ഏഴ് വെങ്കലം ഉൾപ്പെടെ 27 മെഡലുകളുമായി ഇന്ത്യ മെഡൽപ്പട്ടികയിൽ ആറാം സ്ഥാനത്താണ്.
56 സ്വർണം ഉൾപ്പെടെ 132 മെഡലുകളുമായി ഓസ്ട്രേലിയയാണ് പട്ടികയിൽ ഒന്നാമത്. 18 സ്വർണം ഉൾപ്പെടെ 82 മെഡലുകളുള്ള ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും 17 സ്വർണവുമായി കാനഡ മൂന്നാം സ്ഥാനത്തുമാണ്. സ്കോട്‌ലൻഡും നൈജീരിയയും ഇന്ത്യയ്ക്ക് മുന്നിലുണ്ട്.
Summary: Indian women boxers Preeti Pawar and Jaismine Lamboria won gold medals in the 54kg and 57kg categories respectively at the Commonwealth Games in Glasgow. India also secured a silver and a bronze in the men’s triple jump, taking its overall medal tally to 27, including seven gold medals.


