തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദവും വാക്പോരും പുകയുന്നു (VD Satheesan helicopter controversy). രോഗബാധിതനായി കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് വൻ വിമർശനം അഴിച്ചുവിട്ടിരിക്കുന്നത്. മുൻ മന്ത്രിമാരായ എം.ബി. രാജേഷ്, വി. ശിവൻകുട്ടി തുടങ്ങിയവർ സർക്കാരിന്റെ ഈ നടപടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.
എന്നാൽ, കാലഘട്ടം മാറുമ്പോൾ യാത്രാസൗകര്യങ്ങളിലും മാറ്റം സ്വാഭാവികമാണെന്ന വാദവുമായി മന്ത്രി കെ. മുരളിധരനും വി.ടി. ബൽറാം എം.എൽ.എയും മുഖ്യമന്ത്രിയെ പിന്തുണച്ചു രംഗത്തെത്തി. സർക്കാർ ഖജനാവിൽ നിന്ന് പണം നഷ്ടമായിട്ടില്ലെങ്കിൽ ഹെലികോപ്റ്റർ ഉപയോഗിച്ചതിൽ തെറ്റില്ലെന്നും, കാബിനറ്റ് റാങ്കിലുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉത്തരവാദിത്തത്തോടെ പ്രതികരിക്കട്ടെയെന്നും ബൽറാം വ്യക്തമാക്കി.
ബൽറാമിന്റെയും മന്ത്രിമാരുടെയും പ്രതികരണത്തിന് പിന്നാലെ, മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തതിനെതിരെ വി.ഡി. സതീശനും വി.ടി. ബൽറാമും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പഴയ ഫേസ്ബുക്ക് കുറിപ്പുകൾ പ്രതിപക്ഷം ഒന്നടങ്കം കുത്തിപ്പൊക്കി വൻ പ്രചാരണമാക്കുകയാണ്. ‘ധൂർത്തിന്റെ അങ്ങേയറ്റം’ എന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സതീശൻ വിമർശിച്ചതും ബൽറാമിന്റെ പരിഹാസ പോസ്റ്റുകളും ഉയർത്തിക്കാട്ടി യു.ഡി.എഫ് സർക്കാരിന്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നിരിക്കുന്നതെന്ന് ഇടത് കേന്ദ്രങ്ങൾ ആരോപിക്കുന്നു.
Story Summary: A major political controversy has erupted in Kerala over Chief Minister V.D. Satheesan’s use of a state helicopter for a personal visit to Kochi. Following defenses by Congress leaders like K. Muraleedharan and V.T. Balram, opposition supporters resurrected past social media posts by Satheesan and Balram that criticized the previous LDF regime’s helicopter expenditures.


