ബാഗ്ദാദ്/തെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായി. മൂന്ന് ദിവസത്തെ ശാന്തതയ്ക്ക് പിന്നാലെ ഇറാഖിലെ ഇറാൻ അനുകൂല സായുധ വിഭാഗങ്ങളെ ലക്ഷ്യമിട്ട് യുഎസും സൗദി അറേബ്യയും സംയുക്ത വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ (Middle East Conflict). ഇതിന് പിന്നാലെ ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായും വിവിധ അന്തർദേശീയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുഎസ് സെൻട്രൽ കമാൻഡിന്റെയും സൗദി സൈന്യത്തിന്റെയും നേതൃത്വത്തിൽ ബാഗ്ദാദ്, നിനവേ, ബസ്ര, കർബല, കിർക്കുക്, ദിയാല, വാസിത് എന്നീ ഏഴ് പ്രവിശ്യകളിലായി ആക്രമണം നടന്നതായി വിവരമുണ്ട്. നിനവേയിൽ മാത്രം എട്ട് പേർ ഉൾപ്പെടെ ആകെ 20 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും അറിയുന്നു.
സൗദിയെയും യുഎസ് സേനയെയും ലക്ഷ്യമിട്ട് നടന്നതായി പറയുന്ന ഡ്രോൺ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഈ നടപടി സ്വീകരിച്ചതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. തങ്ങളുടെ എണ്ണസൗകര്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായാണ് സംയുക്ത സൈനിക നടപടി സ്വീകരിച്ചതെന്ന് സൗദി പ്രതിരോധ മന്ത്രാലയവും അറിയിച്ചു. യുഎസുമായി ചേർന്ന് സൗദി അറേബ്യ നേരിട്ട് സൈനിക നടപടി നടത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്.
ഇതിന് പിന്നാലെ ജോർദാനിലെ മുവഫാഖ് സാൽത്തി എയർബേസിലുള്ള യുഎസ് സൈനിക താവളത്തിനും സെൻട്രൽ കമാൻഡ് കേന്ദ്രത്തിനുമെതിരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇറാൻ വിക്ഷേപിച്ച അഞ്ച് മിസൈലുകൾ വിജയകരമായി തകർത്തതായി ജോർദാൻ സൈന്യവും യുഎസും അവകാശപ്പെട്ടു. യുഎസ് നടപടികൾ അവസാനിക്കുന്നതുവരെ പ്രതിരോധം തുടരുമെന്ന് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് പ്രസ്താവിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്കിൽ മുന്നറിയിപ്പുകൾ അവഗണിച്ച് സഞ്ചരിച്ച മൂന്ന് എണ്ണക്കപ്പലുകൾ ഇറാൻ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്കിന്റെ സംയുക്ത മേൽനോട്ടവുമായി ബന്ധപ്പെട്ട ഒമാന്റെ നിർദേശം ഇറാൻ തള്ളുകയും കടൽപാതയുടെ നിയന്ത്രണത്തിൽ പുതിയ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു.
സംഭവവികാസങ്ങൾക്കിടെ ഇറാന് ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാഖിലെ ഇറാൻ അനുകൂല സായുധസംഘങ്ങൾക്കെതിരെ കൂടുതൽ സൈനിക നടപടികൾ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറുവശത്ത്, യുഎസ്–സൗദി ആക്രമണം ഇറാഖിന്റെ പരമാധികാര ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇറാഖ് പ്രസിഡന്റും പ്രധാനമന്ത്രിയും ആക്രമണത്തെ അപലപിക്കുകയും രാജ്യത്തിന്റെ മണ്ണ് പ്രാദേശിക സംഘർഷങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
സൗദി അറേബ്യയിലെ എണ്ണസ്ഥാപനങ്ങൾക്കെതിരെ ഇറാൻ അനുകൂല വിഭാഗങ്ങൾ നടത്തിയതായി പറയുന്ന ഡ്രോൺ ആക്രമണങ്ങളെയും ഗൾഫ് സഹകരണ കൗൺസിലും (GCC) കുവൈത്തും അപലപിച്ചു. മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ സൗദി സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ നൽകുമെന്നും ജിസിസി നേതൃത്വം അറിയിച്ചു.
Story Summary:
Tensions in the Middle East have escalated after reported joint US-Saudi airstrikes in Iraq and Iran’s alleged ballistic missile attack on US military bases in Jordan. The latest developments have raised fears of a wider regional conflict.


