ന്യൂഡൽഹി: ലോക്സഭ പാസാക്കിയ പൊതുപരീക്ഷാ തട്ടിപ്പു വിരുദ്ധ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). പരീക്ഷാ ക്രമക്കേടുകളുടെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കാൻ ബില്ലിന് കഴിയില്ലെന്നും, “ശസ്ത്രക്രിയ ആവശ്യമായിടത്ത് വെറുമൊരു ബാൻഡ് എയ്ഡ് ഒട്ടിക്കുന്നതുപോലെയാണ് ഈ നിയമം” എന്നുമാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
നിലവിലുള്ള നിയമപ്രകാരം പോലും പരീക്ഷാ തട്ടിപ്പുകേസുകളിൽ ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ശിക്ഷ കർശനമാക്കുമെന്ന അവകാശവാദം മാത്രം ഉന്നയിക്കുന്ന പുതിയ നിയമം പ്രശ്നത്തിന് പരിഹാരമാകില്ലെന്നും പറഞ്ഞു.
ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധക്കാർക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയിലും രാഹുൽ ഗാന്ധി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിച്ചു. പെല്ലറ്റ് തോക്കുകളും ഇലക്ട്രിക് ലാത്തികളും ഉപയോഗിക്കാൻ അനുമതി നൽകിയതിൽ അമിത് ഷായുടെ ഉത്തരവാദിത്തമുണ്ടെന്നും, അല്ലെങ്കിൽ ഡൽഹിയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിവില്ലായ്മയാണെന്നും രാഹുൽ ആരോപിച്ചു. ഈ രണ്ട് സാഹചര്യങ്ങളിലും ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം രാജി ആവശ്യപ്പെട്ടു.
ലോക്സഭയിൽ അമിത് ഷായെ വിമർശിച്ചതിനെ തുടർന്ന് തനിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. മാപ്പ് പറഞ്ഞാൽ സംസാരിക്കാൻ അനുവദിക്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നുവെങ്കിലും, ബിജെപിയോടോ ആർഎസ്എസിനോടോ ഒരിക്കലും മാപ്പ് പറയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥി സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുന്ന നടപടിയിലും രാഹുൽ ഗാന്ധി ആശങ്ക രേഖപ്പെടുത്തി. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങൾ ജനാധിപത്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Story Summary:
Rahul Gandhi sharply criticized the Public Examination Anti-Cheating Amendment Bill, saying it fails to address the root causes of exam malpractice. He also demanded the resignation of Union Home Minister Amit Shah over the police action against protesting students in Delhi.


