ന്യൂഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവുമായ ഐഷി ഘോഷിനെതിരായ (Aishe Ghosh SFI) അറസ്റ്റ് വാറണ്ടിന് പാട്യാല ഹൗസ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. നാളെ നടക്കാനിരിക്കുന്ന കേസിന്റെ അടുത്ത ഹിയറിങ് വരെ അറസ്റ്റ് വാറണ്ട് നടപ്പാക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്.
ഡൽഹി പൊലീസിന്റെ തുടർച്ചയായ അറസ്റ്റ് നീക്കത്തെ തുടർന്നാണ് ഐഷി ഘോഷ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസവും പൊലീസ് ഉദ്യോഗസ്ഥർ എകെജി ഭവന് സമീപത്തെത്തി ഐഷി ഘോഷിനെ അന്വേഷിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
2021ൽ ഡൽഹിയിലെ ബംഗള ഭവനിലേക്ക് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഡൽഹി പൊലീസ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നത്. കേസിന്റെ തുടർനടപടികൾക്കിടെയാണ് കോടതി ഇടക്കാല ആശ്വാസം അനുവദിച്ചത്.
സമീപകാലത്ത് ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിലും ഐഷി ഘോഷ് സജീവമായി പങ്കെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികൾ തുടരുന്നതിനിടെ അറസ്റ്റ് വാറണ്ടിന് ലഭിച്ച ഇടക്കാല സ്റ്റേ ശ്രദ്ധേയമായിരിക്കുകയാണ്.
Story Summary:
A Delhi court has stayed the arrest warrant against SFI Joint Secretary and former JNU Students’ Union leader Aishe Ghosh until the next hearing. She had approached the court following repeated attempts by Delhi Police to arrest her in connection with a 2021 protest case.


