ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രതിഷേധം നടത്തിയ വിദ്യാർഥികളാണ് സർക്കാരിനെ വഴങ്ങാൻ നിർബന്ധിതരാക്കിയതെന്നും “സർക്കാർ പോലും വഴങ്ങും, വഴങ്ങാൻ ആളുണ്ടാകണം” എന്നായിരുന്നു ലോക്സഭയിലെ അദ്ദേഹത്തിന്റെ പരാമർശം (Akhilesh Yadav on CJP Protest). ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം. എൻഇഇടി ചോദ്യപേപ്പർ ചോർച്ച വിവാദവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവവും പരാമർശിച്ച അദ്ദേഹം, “പ്രധാനമന്ത്രിയെ രക്ഷിക്കാൻ പ്രധാൻ ബലിയാടായി” എന്ന വിമർശനവും ഉന്നയിച്ചു.
വിദ്യാർഥികളുടെ പ്രതിഷേധത്തെ അഭിനന്ദിച്ച അഖിലേഷ്, ഒരു ചെറിയ പ്രതിഷേധമായി തുടങ്ങിയ പ്രസ്ഥാനം പിന്നീട് രാജ്യവ്യാപക പ്രക്ഷോഭമായി വളർന്നുവെന്നും അതാണ് സർക്കാരിനെ ജനാധിപത്യപരമായി പ്രതികരിക്കാൻ നിർബന്ധിതമാക്കിയതെന്നും പറഞ്ഞു. “ഈ സർക്കാർ മുമ്പ് പലപ്പോഴും ജനങ്ങളെ പ്രതിഷേധിക്കാൻ പോലും അനുവദിച്ചിരുന്നില്ല. എന്നാൽ വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധം കാരണം സർക്കാർ വഴങ്ങേണ്ടിവന്നു. സർക്കാർ പോലും വഴങ്ങും, അതിന് വഴക്കാൻ ആളുണ്ടാകണം,” അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടത്തിയ നടപടികളെയും അഖിലേഷ് വിമർശിച്ചു. വിദ്യാർഥികൾക്കെതിരെ സ്പൈക്ക് ഘടിപ്പിച്ച ലാത്തികളും ഇലക്ട്രിക് ബാറ്റണുകളും പെല്ലറ്റ് ഗണ്ണുകളും ഉപയോഗിച്ചെന്ന ആരോപണം ഉന്നയിച്ച അദ്ദേഹം, അത് അടിയന്തരാവസ്ഥയുടെ കാലത്തെ ഓർമിപ്പിക്കുന്നതാണെന്നും പറഞ്ഞു.
2024-ൽ തന്നെ ചോദ്യപേപ്പർ ചോർച്ച തടയാൻ പുതിയ നിയമം കൊണ്ടുവന്നിട്ടും ചോർച്ചകൾ അവസാനിച്ചില്ലെന്നും, ഇപ്പോൾ അതേ നിയമത്തിൽ വീണ്ടും ഭേദഗതി കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടായത് സർക്കാരിന്റെ പരാജയമാണെന്നും അഖിലേഷ് ആരോപിച്ചു. അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. “രാമക്ഷേത്രത്തിലെ സംഭാവന മോഷണം തടയാൻ കഴിയാത്തവരാണ് ചോദ്യപേപ്പർ ചോർച്ചയും തടയാതെ പോകുന്നത്,” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
റാംപൂരിലെ ജൗഹർ സർവകലാശാലയ്ക്കെതിരായ പൊളിക്കൽ നടപടികളെയും അദ്ദേഹം ചോദ്യം ചെയ്തു. പുതിയ സർവകലാശാലകൾ സ്ഥാപിക്കാൻ കഴിയാത്ത സർക്കാർ നിലവിലുള്ള ഒരു സ്വകാര്യ സർവകലാശാലയ്ക്കെതിരെ ബുൾഡോസർ രാഷ്ട്രീയം നടപ്പാക്കുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
Summary: Samajwadi Party chief Akhilesh Yadav criticised the Centre in Parliament, saying student protests forced the government to yield on the CJP issue. He also attacked the government over NEET paper leaks, police action against protesters, and the proposed amendments to the anti-paper leak law.


