കൊച്ചി: ഇടപ്പള്ളി ടോൾ ജംഗ്ഷനിലെ കടയുടെ മുന്നിൽ നിന്ന് മോഷണം പോയ 80കാരനായ എം.ബി. പ്രകാശിന്റെ പൈതൃക സൈക്കിൾ തിരികെ ഏൽപ്പിക്കുന്ന മോഷ്ടാവിന് ₹5 ലക്ഷം പാരിതോഷികം നൽകുമെന്ന് വ്യവസായി ബോചെ (Boby Chemmanur) പ്രഖ്യാപിച്ചു. മോഷ്ടാവ് മനസാന്തരപ്പെട്ട് സൈക്കിൾ തിരിച്ചുനൽകാൻ തയ്യാറായാൽ, ജീവിതം പുതുതായി ആരംഭിക്കാൻ സ്ഥിരം ജോലിയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
തന്റെ ഫോൺ നമ്പറായ 7994811119-ൽ നേരിട്ട് ബന്ധപ്പെട്ട് സൈക്കിൾ കൈമാറിയാൽ പണം നൽകുമെന്നും, ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുമെന്നും ബോചെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
മാധ്യമങ്ങളിൽ വന്ന വാർത്ത പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പത്താം വയസ്സിൽ പിതാവ് എം.ആർ. ബാലകൃഷ്ണൻ സമ്മാനിച്ച ഏകദേശം 70 വർഷം പഴക്കമുള്ള റാലി സൈക്കിളാണ് മോഷണം പോയത്. വാർത്ത വായിച്ചപ്പോൾ തനിക്ക് ഉണ്ടായ വിഷമത്തേക്കാൾ ഏറെ വലുതായിരിക്കും തലമുറകളായി സൂക്ഷിച്ചിരുന്ന ആ സൈക്കിൾ നഷ്ടപ്പെട്ടതിലൂടെ ഉടമയ്ക്ക് ഉണ്ടായ വേദനയെന്ന് ബോചെ കുറിച്ചു.
ബോചെയുടെ പ്രഖ്യാപനത്തിൽ സന്തോഷം പ്രകടിപ്പിച്ച എം.ബി. പ്രകാശ്, സൈക്കിൾ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണെന്ന് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് ഇടപ്പള്ളി ടോളിന് സമീപത്തെ കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന സൈക്കിൾ മോഷണം പോയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Story Summary:
Businessman Boby Chemmanur has offered ₹5 lakh and a job to the thief if he returns an 80-year-old man’s stolen 70-year-old Raleigh bicycle. The bicycle, a cherished gift from the owner’s father, was stolen from near Edappally Toll in Kochi.


