ഉത്തർപ്രദേശിലെ മഹോബയിൽ പെട്രോൾ പമ്പിൽ വെച്ച് 28-കാരനായ യുവാവിന്റെ ഇരു കൈകളും വെട്ടിമാറ്റി. കാൺപൂർ-സാഗർ ഹൈവേയിലുള്ള ചന്ദേൽ പെട്രോൾ പമ്പിന് മുന്നിൽ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത് (UP Petrol Pump Attack). ജയേന്ദ്ര സിംഗ് എന്ന വിക്കിയാണ് ആക്രമണത്തിന് ഇരയായത്. ഇന്ധനം നിറയ്ക്കുന്നതിനിടെയുണ്ടായ തർക്കമാണ് ക്രൂരമായ അക്രമത്തിൽ കലാശിച്ചത്.
ഇന്ധനം നിറയ്ക്കുന്നതിനിടെ പ്രതികളുമായി വാക്കുതർക്കമുണ്ടാവുകയും, തുടർന്ന് പ്രതികൾ കോടാലി ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ വിക്കിയുടെ രണ്ട് കൈകളും കൈത്തണ്ട വെച്ച് അറ്റുപോയി. കൂടാതെ കാലിലും തലയിലും ഗുരുതരമായ വെട്ടേറ്റു. രക്തത്തിൽ കുളിച്ചുകിടന്ന യുവാവിനെ കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിക്കിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ പ്രാദേശിക രാഷ്ട്രീയക്കാരന് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. യുവാവിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Summary: A 28-year-old man, Jaivendra Singh, suffered the brutal severance of both his hands at the wrists following an axe attack at a petrol pump in Mahoba, Uttar Pradesh. The attack occurred after an argument during refueling, and police have detained one suspect as they investigate allegations involving a local politician.


