മുംബൈ: കനത്ത മഴയെത്തുടർന്ന് മഹാരാഷ്ട്രയിലെ റായ്ഗഡിൽ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രളയത്തെത്തുടർന്ന് എച്ച്.പി.സി.എൽ പാതാൾഗംഗ എൽ.പി.ജി ബോട്ട്ലിങ് പ്ലാന്റിൽ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകൾ കുത്തൊഴുക്കിൽപ്പെട്ട് പുഴയിലൂടെ ഒഴുകിപ്പോയി. പാതാൾഗംഗ നദിയിലൂടെയും ഖാർപഡ ക്രീക്കിലൂടെയും ആയിരക്കണക്കിന് സിലിണ്ടറുകൾ ഒരുമിച്ച് ഒഴുകിനടക്കുന്ന ദൃശ്യങ്ങൾ സമീപത്തെ പാലത്തിൽ നിന്നുള്ള യാത്രക്കാരാണ് ക്യാമറയിൽ പകർത്തിയത്. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചു.(Flood In Maharashtra Hundreds Of Gas Cylinders Swept Away In Patalganga River Raigad)
തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പാതാൾഗംഗ പ്ലാന്റിന്റെ സുരക്ഷാ മതിൽ തകരുകയും വെള്ളം നേരിട്ട് പ്ലാന്റിലേക്ക് ഇരച്ചുകയറുകയുമായിരുന്നു. ഇതോടെയാണ് യാർഡിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകൾ കൂട്ടത്തോടെ നദിയിലേക്ക് ഒഴുകിയത്.
ഒഴുകിപ്പോയവയിൽ വലിയൊരു പങ്ക് സിലിണ്ടറുകളിലും ഗ്യാസ് നിറച്ചിട്ടുണ്ടാകാമെന്നാണ് റായ്ഗഡ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഇത് വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിൽ റായ്ഗഡ് കളക്ടർ കിഷൻ ജാവ്ലെ ജനങ്ങൾക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. പുഴയിൽ നിന്നോ സമീപപ്രദേശങ്ങളിൽ നിന്നോ ഈ സിലിണ്ടറുകൾ ലഭിക്കുന്നവർ അത് വീട്ടിൽ സൂക്ഷിക്കരുതെന്നും ഉടൻ തന്നെ അധികൃതർക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഭിക്കുന്ന സിലിണ്ടറുകൾ നേരിട്ട് എച്ച്.പി.സി.എൽ കമ്പനിയിലോ, അടുത്തുള്ള എച്ച്.പി ഗ്യാസ് ഡീലർമാർക്കോ അല്ലെങ്കിൽ ഖാലാപൂർ തഹസിൽദാർ ഓഫീസ്, സബ് ഡിവിഷണൽ ഓഫീസർ (SDO) ഓഫീസ് എന്നിവടങ്ങളിലോ ഏൽപ്പിക്കാം. നദിയിലൂടെ ഒഴുകിവരുന്ന സിലിണ്ടറുകൾ സുരക്ഷിതമാണോ എന്ന് ഉറപ്പില്ലാത്തതിനാൽ, ജിജ്ഞാസയുടെ പുറത്തോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ വേണ്ടി അവ വീട്ടിലേക്ക് കൊണ്ടുപോകുന്നതോ തുറക്കാൻ ശ്രമിക്കുന്നതോ അതീവ അപകടകരമാണെന്നും കളക്ടർ ഓർമ്മിപ്പിച്ചു.
Story Summary
Around 3,000 LPG cylinders from the HPCL Patalganga bottling plant were washed away into the Patalganga River after heavy rains collapsed the facility’s safety wall in Raigad, Maharashtra. Raigad Collector Kishan Javle has issued an urgent appeal to citizens to hand over any retrieved cylinders to the authorities immediately, warning that keeping or opening them could be highly dangerous.

