വയനാട്: ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും ഊർജ്ജിതമായി തുടരുന്നു. ദുരന്തമുണ്ടായ പ്രദേശത്തിന് തൊട്ടടുത്തുള്ള തോട് കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രധാനമായും പരിശോധന നടക്കുന്നത്. ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ.(Wayanad Kalladi Landslide Missing Search Continues)
ഇന്നലെ ഇവിടെ നിന്നാണ് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. എന്നാൽ, പ്രദേശത്ത് പെയ്യുന്ന ഇടവിട്ടുള്ള ശക്തമായ മഴയും തോട്ടിലേക്ക് കുത്തിയൊലിച്ചെത്തുന്ന മലവെള്ളപ്പാച്ചിലും രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ദുരന്തത്തിൽ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒൻപത് പേരിൽ രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പത്തുപേരിൽ മൂന്ന് പേർ ഇന്ന് ഡിസ്ചാർജ് ആയി. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മേപ്പാടി പോലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെയുള്ളവരാണ് ആശുപത്രി വിട്ടത്. ബാക്കി അഞ്ച് പേരെ ജനറൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരിൽ നിലവിൽ ചികിത്സയിലുള്ള ഏക മലയാളി സൈറ്റ് എഞ്ചിനീയറാണ്. അതിനിടെ, അപകടത്തിൽ മരണപ്പെട്ട മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെയും കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വ്യോമമാർഗ്ഗം ഇവരുടെ ജന്മനാടുകളിലേക്ക് എത്തിക്കും. മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്തുനിന്നും 140 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
Story Summary
The search operation continues in the nearby stream for those missing in the Wayanad Kalladi tunnel road landslide. Heavy rains are hampering rescue efforts, while two of the injured remain critical at a private hospital in Meppadi. The Kerala government announced ₹5 lakh compensation for the families of the deceased workers, and 140 displaced residents have been moved to a relief camp at Meppadi Polytechnic College.

