തിരുവനന്തപുരം : സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് നാളെ തുടക്കമാകും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ കെഎസ്ആർടിസിയുടെ എല്ലാ ഓർഡിനറി ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം.(Priyadarshini Free Bus Travel Scheme For Women Inauguration Tomorrow)
സംസ്ഥാനത്തൊട്ടാകെ 3125 ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ലഭ്യമാകും. സൗജന്യ യാത്ര ലഭ്യമായ ബസുകൾ തിരിച്ചറിയാനായി മുൻവശത്തും വാതിലുകൾക്ക് സമീപവും ‘പ്രിയദർശിനി’ എന്ന സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. സൗജന്യമാണെങ്കിലും സ്ത്രീകൾ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും രേഖപ്പെടുത്തിയുള്ള ‘സീറോ ടിക്കറ്റ്’ ബസിലെ കണ്ടക്ടറിൽ നിന്ന് കൈപ്പറ്റണം.
സ്ത്രീകൾക്കൊപ്പം യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് സാധാരണ നിരക്കിൽ ടിക്കറ്റ് എടുക്കണം. അധികമായി കൈവശമുള്ള ലഗേജുകൾക്ക് നിശ്ചിത നിരക്കിൽ ചാർജ് ഈടാക്കും. സൗജന്യ യാത്ര ഇല്ലാത്ത ബസുകളിൽ സ്ത്രീകൾ കയറുകയാണെങ്കിൽ ഇക്കാര്യം കണ്ടക്ടറെ മുൻകൂട്ടി അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും സ്ത്രീകളുടെ യാത്രാ സുരക്ഷയും സ്വതന്ത്ര സഞ്ചാരവും ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന ചുവടുവെപ്പാണ് പ്രിയദർശിനി പദ്ധതി.
Story Summary
The ‘Priyadarshini’ project, offering free bus travel for women on all KSRTC ordinary buses in Kerala, will be inaugurated by Chief Minister V.D. Satheesan tomorrow at 8:30 AM. Women can identify the eligible buses via special stickers and must obtain a ‘zero ticket’ while traveling, while standard fares will continue to apply to accompanying men and excess luggage.

