തിരുവനന്തപുരം : ബിജെപി കൗൺസിലർ ആർ. സുഗതനെതിരായ പോലീസ് നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ ഡിജിപിയും ബി ജെ പി കൗൺസിലറുമായ ആർ. ശ്രീലേഖ ആരോപിച്ചു. സുഗതനെതിരെ കാപ്പ ചുമത്തിയതും, വീട് വളഞ്ഞ് പോലീസ് നടത്തിയ നടപടികളും കടുത്ത ഭാഷയിലാണ് അവർ വിമർശിച്ചത്.(R Sreelekha Criticizes Police Action Against BJP Councilor R Sugathan)
കേരളത്തിൽ ‘സ്റ്റേറ്റ് സ്‌പോൺസേർഡ്’ ഗുണ്ടാവിളയാട്ടമാണ് നടക്കുന്നതെന്ന് ശ്രീലേഖ കുറ്റപ്പെടുത്തി. ഈ ഭരണത്തിനെതിരെ ശബ്ദമുയർത്തിയതാണ് സുഗതന് വിനയായത്. വട്ടിയൂർക്കാവിലെ അനധികൃത പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതുകൊണ്ടാണ് സുഗതനെതിരെ നിരവധി കേസുകൾ ചുമത്തിയതെന്ന് അവർ പറയുന്നു.
സുഗതന്റെ വീട് വളഞ്ഞുള്ള പോലീസ് നടപടി ഒരു നാടകമായിരുന്നുവെന്ന് ശ്രീലേഖ ആരോപിച്ചു. വെറും നാലുപേർ മാത്രമുള്ള വീട്ടിലേക്ക് വലിയ സായുധ പോലീസ് സംഘത്തെ അയച്ചത് ഭീഷണിപ്പെടുത്താനാണ്. തോക്ക് ചൂണ്ടി ഭയപ്പെടുത്തിയതും, സ്ത്രീയെ ശാരീരികമായി ആക്രമിച്ചതും, ആകാശത്തേക്ക് വെടിയുതിർത്തതും പോലീസിന്റെ ‘ചീപ്പ് ഹീറോയിസം’ ആണെന്ന് അവർ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ചില ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയമിക്കുന്നതെന്നും ശ്രീലേഖ ആരോപിച്ചു. പ്രത്യേകിച്ചും വട്ടിയൂർക്കാവിലെ പോലീസ് നിയമനങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. പോലീസിന്റെ ഇത്തരം നടപടികളെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രിയുടെ നിലപാടിനെതിരെയും ശ്രീലേഖ ആഞ്ഞടിച്ചു. സുഗതൻ ഒരു ഗുണ്ടയല്ലെന്നും, നാട്ടുകാരുടെ പ്രിയപ്പെട്ട ജനപ്രതിനിധിയാണെന്നും പറഞ്ഞ ശ്രീലേഖ, സമൂഹത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ പ്രതികരിക്കുന്നവരെ പീഡിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
Story Summary
Former DGP and councilor R. Sreelekha has strongly criticized the police action against BJP councilor R. Sugathan, who was booked under the Kerala Anti-Social Activities Prevention Act (KAAPA). Sreelekha termed the police raid on Sugathan’s house a “politically motivated drama” and alleged that the state police remain subservient to CPM leadership, targeting opposition leaders who stand against their influence.

