ലഖ്‌നൗ : നാലുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ 33-കാരനായ അംജദ് ഖാന് വധശിക്ഷ വിധിച്ച് ഗാസിപ്പൂർ സെഷൻസ് കോടതി. 2021 ഒക്ടോബറിൽ നടന്ന അതിക്രൂരമായ കൊലപാതകത്തിൽ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി ശക്തി സിംഗാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. വിധി പ്രസ്താവിക്കുന്നതിന് തൊട്ടുമുമ്പ് താൻ പുറത്തിറങ്ങിയാൽ വീണ്ടും കൊലപാതകം നടത്തുമെന്ന പ്രതിയുടെ വെളിപ്പെടുത്തൽ കോടതിയെയും സദസ്സിനെയും ഞെട്ടിച്ചു.(Ghazipur murder case, Man Sentenced To Death For Murdering Nephew Vows To Kill Again)
ജഡ്ജി ശക്തി സിംഗ് പ്രതിയോട്, താൻ ഇയാളെ ജയിലിൽ നിന്ന് മോചിപ്പിച്ചാൽ എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ, “ആരെങ്കിലും എന്നോട് വഴക്കിടുകയാണെങ്കിൽ ഞാൻ അവരെയും കൊലപ്പെടുത്തും” എന്നായിരുന്നു അംജദിന്റെ മറുപടി. താൻ ചെയ്ത കുറ്റകൃത്യത്തിൽ യാതൊരു ഖേദവുമില്ലെന്നും ഇയാൾ കോടതിയിൽ ആവർത്തിച്ചു. ഈ മാനസികാവസ്ഥ പരിഗണിച്ച്, കേസ് ‘ഏറ്റവും അപൂർവമായ’ ഗണത്തിൽപ്പെടുത്തിയാണ് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷാവിധിയിൽ ഒപ്പുവെച്ച ശേഷം ജഡ്ജി തന്റെ പേനയുടെ നിബ് ഒടിച്ചു കളഞ്ഞു.
2021 ഒക്ടോബർ 21-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രതിയുടെ സഹോദരി ഷബാന നാസും നാലുവയസ്സുകാരനായ മകൻ ഡാനിയൽ ഖാനും തറവാട് വീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. ചെറിയൊരു കുടുംബതർക്കത്തെ തുടർന്നുണ്ടായ പ്രകോപനത്തിൽ അംജദ് കത്തി ഉപയോഗിച്ച് ഡാനിയലിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മാതാവിന്റെ മുന്നിലിട്ടാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തത്. പ്രതിയുടെ സഹോദരിമാരും സഹോദരനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ തന്നെയാണ് കേസിൽ പ്രധാന സാക്ഷികളായി മൊഴി നൽകിയത്.
വധശിക്ഷയ്‌ക്കൊപ്പം 50,000 രൂപ പിഴയും കോടതി ചുമത്തി. ഈ പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. നാലുവയസ്സുകാരന്റെ ദാരുണമായ മരണം കണ്ട് മാതാവ് അനുഭവിച്ച വേദന വാക്കുകൾക്ക് അതീതമാണെന്ന് നിരീക്ഷിച്ച കോടതി, പ്രതിക്ക് ലഭിക്കാവുന്ന ഏറ്റവും കഠിനമായ ശിക്ഷ തന്നെ നൽകണമെന്ന് വ്യക്തമാക്കുകയായിരുന്നു.
Story Summary
A 33-year-old man, Amzad Khan, was sentenced to death by a Ghazipur court for the brutal murder of his four-year-old nephew in 2021. The sentencing was marked by a chilling courtroom exchange where the convict openly declared he would commit murder again if released and expressed no remorse for his actions, leading the judge to categorize the crime as ‘rarest of rare’.

