Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala
HomeCrimeഫ്രാൻസിനെ നടുക്കി കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമ പരമ്പര; പാരിസിലെ 110-ലേറെ സ്കൂളുകളും...

ഫ്രാൻസിനെ നടുക്കി കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമ പരമ്പര; പാരിസിലെ 110-ലേറെ സ്കൂളുകളും ഡേകെയറുകളും നിരീക്ഷണത്തിൽ | France Child Abuse Scandal

🎙️ Latest Podcast

പാരിസ്: ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ പ്രീ-സ്കൂളുകളിലെയും ഡേകെയറുകളിലെയും കുരുന്നുകൾക്ക് നേരെ വ്യാപകമായ രീതിയിൽ ലൈംഗികാതിക്രമങ്ങളും ശാരീരിക പീഡനങ്ങളും നടന്നതായി സ്ഥിരീകരണം. രാജ്യം കണ്ട ഏറ്റവും വലിയ ശിശു പീഡന പരമ്പരകളിലൊന്നിനാണ് ഫ്രാൻസ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. തലസ്ഥാന നഗരത്തിലെ 84 പ്രീ-സ്കൂളുകൾ, 20 പ്രൈമറി സ്കൂളുകൾ, പത്തോളം ഡേകെയർ സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് നിലവിൽ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണെന്ന് പാരിസ് പ്രോസിക്യൂട്ടർ ലോർ ബെക്വോ വെളിപ്പെടുത്തി.(France Child Abuse Scandal Massive Probe Underway At 110 Paris Schools And Daycares As Trial Begins)

സ്കൂളുകളിലെ ഉച്ചഭക്ഷണ സമയം, കളിസമയം, കുട്ടികളുടെ ഉറക്ക സമയം, സ്കൂൾ സമയത്തിന് ശേഷമുള്ള ആക്ടിവിറ്റികൾ എന്നിവയിൽ കുട്ടികളുടെ മേൽനോട്ട ചുമതലയുള്ള താല്ക്കാലിക ജീവനക്കാരാണ് ഈ ക്രൂരതകൾക്ക് പിന്നിലെന്നാണ് കണ്ടെത്തൽ. ദേശീയ വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നിയമിക്കുന്ന അധ്യാപകരിൽ നിന്നല്ല കുട്ടികൾക്ക് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. മറിച്ച്, സ്കൂളുകളിലെ മേൽനോട്ടത്തിനായി പ്രാദേശിക ഭരണകൂടങ്ങൾ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന ജീവനക്കാരാണ് പ്രതികൾ.

കുട്ടികളോട് ക്രൂരമായി സംസാരിക്കുക, തലമുടിക്ക് കുത്തിപ്പിടിച്ച് വലിക്കുക, ഭക്ഷണം നൽകാതിരിക്കുക തുടങ്ങിയ ശാരീരിക പീഡനങ്ങൾക്കൊപ്പം പല കുട്ടികളെയും ഇവർ ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്കും ബലാത്സംഗത്തിനും ഇരയാക്കിയതായും മാതാപിതാക്കൾ ആരോപിക്കുന്നു. തങ്ങളുടെ പരാതികൾ ഗൗരവമായി എടുക്കാൻ അധികാരികൾ മാസങ്ങളോളം മടിച്ചതായും ഇരകളുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർ കുറ്റപ്പെടുത്തി.

പീഡന പരമ്പരയുമായി ബന്ധപ്പെട്ട ആദ്യത്തെ പ്രധാന കേസിന്റെ വിചാരണ പാരിസ് കോടതിയിൽ ആരംഭിച്ചതോടെ രാജ്യത്ത് പൊതുജനരോഷം ആളിപ്പടരുകയാണ്. ഡേവിഡ് ജി. (36) എന്ന സ്കൂൾ ജീവനക്കാരനാണ് ഇപ്പോൾ വിചാരണ നേരിടുന്നത്. മൂന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള അഞ്ച് പ്രീ-സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനും, കൂടെ ജോലി ചെയ്യുന്ന രണ്ട് വനിതാ ജീവനക്കാരെ ലൈംഗികമായി അധിക്ഷേപിച്ചതിനുമാണ് ഇയാൾക്കെതിരെയുള്ള കേസ്. കുട്ടികൾ തങ്ങളുടേതായ വാക്കുകളിൽ നൽകിയ മൊഴികളാണ് ഇയാൾക്കെതിരെയുള്ള പ്രധാന തെളിവ്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് 10 വർഷം വരെ തടവും 150,000 യൂറോ പിഴയും ലഭിക്കാം.

കോടതിക്ക് പുറത്ത് കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സംഘടനകളും മാതാപിതാക്കളും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി വരികയാണ്. വിഷയം കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തിന് വഴിവെച്ചതോടെ കർശന നടപടികളിലേക്ക് നീങ്ങുകയാണ് പാരീസ് നഗരസഭ. പാരീസ് മേയർ ഇമ്മാനുവൽ ഗ്രെഗോയർ സ്കൂളുകളിൽ വിപുലമായ സുരക്ഷാ പരിശോധനകൾ ഉറപ്പുനൽകി. 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം പാരീസിൽ 78 സ്കൂൾ ജീവനക്കാരെയാണ് അധികൃതർ സസ്പെൻഡ് ചെയ്തത്. ഇതിൽ 31 പേർ ലൈംഗിക പീഡന ആരോപണം നേരിടുന്നവരാണ്. വരും മാസങ്ങളിൽ കൂടുതൽ താല്ക്കാലിക ജീവനക്കാർക്കെതിരെയുള്ള വിചാരണകൾ ആരംഭിക്കുമെന്നാണ് കോടതി വൃത്തങ്ങൾ നൽകുന്ന സൂചന. ഫ്രാൻസിലെ സ്വതന്ത്ര കമ്മീഷനായ ‘CIIVISE’-ന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിവർഷം ഒരു ലക്ഷത്തി അറുപതിനായിരത്തോളം  കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്കോ ബലാത്സംഗത്തിനോ ഇരയാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Story Summary

France is reeling under a massive child abuse scandal after prosecutors confirmed investigations into 84 preschools, 20 primary schools, and 10 daycare centres across Paris. The allegations of violence and sexual assault involve contract-based school monitors hired by local authorities. Public outrage intensified as the trial of a 36-year-old school aide, David G., began in Paris. In response to mounting pressure, Paris authorities suspended 78 school aides in early 2026, including 31 suspected of sexual abuse.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.