തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ കടുത്ത ആഭ്യന്തര കലഹം പുകയുന്നു. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന പൊളിറ്റ് ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് സിപിഎം കേന്ദ്ര കമ്മിറ്റി തള്ളി. സംസ്ഥാനത്ത് ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിൽ നിന്ന് അകന്നതിന്റെ കൃത്യമായ കാരണങ്ങൾ പരിശോധിക്കണമെന്ന് ബംഗാൾ ഘടകം യോഗത്തിൽ ആവശ്യപ്പെട്ടു.(CPIM Central Committee Rejects PB Report On Kerala Election Defeat)
ജനവികാരം ഉൾക്കൊണ്ടുള്ള തിരുത്തൽ നടപടികൾ പാർട്ടിയിൽ ഉണ്ടാകണമെന്നും ആവശ്യമെങ്കിൽ ഇതിനായി അടിയന്തര പ്ലീനം വിളിച്ചുചേർക്കണമെന്നും കേന്ദ്ര കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. പാർട്ടിയുടെ താഴെത്തട്ട് മുതൽ മേൽത്തട്ട് വരെ കർശനമായ തിരുത്തൽ വേണമെന്നാണ് ഉയർന്നുവന്ന പൊതുവികാരം. താഴേത്തട്ടിലുള്ള അവലോകനങ്ങൾ പൂർത്തിയായ ശേഷം ജൂൺ 5-ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തോൽവി വിശദമായി ചർച്ച ചെയ്യും. തിരഞ്ഞെടുപ്പിന്റെ പൂർണ്ണമായ അവലോകന റിപ്പോർട്ട് അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിലാകും അന്തിമമായി പരിഗണിക്കുക.
തിരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യാൻ ചേർന്ന ചാലക്കുടി ഏരിയാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അസാധാരണമായ വിമർശനങ്ങളാണ് അംഗങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയും വാക്കുകളും ജനങ്ങളെ പാർട്ടിയിൽ നിന്ന് വലിയ തോതിൽ അകറ്റിയെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. സങ്കീർണ്ണമായ രാഷ്ട്രീയ വിഷയങ്ങളിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തുന്ന പ്രതികരണങ്ങൾ പാർട്ടി അംഗങ്ങൾക്ക് പോലും മനസ്സിലാക്കാൻ പറ്റാത്ത രീതിയിലാണെന്നും വിമർശനമുയർന്നു.
പിണറായി വിജയൻ പ്രതിപക്ഷനേതാവ് എന്ന പദവിക്ക് പോലും അനർഹനാണെന്ന രീതിയിലുള്ള കടുത്ത പരാമർശങ്ങളും യോഗത്തിൽ ഉണ്ടായി. ചാലക്കുടിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ പോരായ്മയുണ്ടായെന്നും വിമർശനമുയർന്നു. ഇതോടൊപ്പം എറണാകുളത്ത് മുൻ മന്ത്രി പി. രാജീവിനെതിരെയും യോഗങ്ങളിൽ രൂക്ഷവിമർശനമുയർന്നിട്ടുണ്ട്. അതേസമയം, പാർട്ടി കമ്മിറ്റികളിൽ ഉയർന്നുവരുന്ന വിമർശനങ്ങൾ വസ്തുതയാണെന്ന് എം.വി. ജയരാജൻ സമ്മതിച്ചു. എന്നാൽ ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വെച്ചാണ് വിമർശനം നടക്കുന്നത് എന്ന രീതിയിൽ വരുന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
Story Summary
The CPIM Central Committee rejected the Politburo report claiming no anti-incumbency in Kerala, demanding a thorough analysis of minority vote shift. Meanwhile, local committee meetings witnessed severe internal criticism against CM Pinarayi Vijayan and State Secretary MV Govindan for distancing voters from the party.

