തിരുവനന്തപുരം: തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെയുള്ള സമുദ്രനിരപ്പിലെ തീരദേശ ന്യൂനമർദ്ദ പാത്തിയുടെയും, ഉത്തർപ്രദേശിന് മുകളിലുള്ള ശക്തികൂടിയ ന്യൂനമർദ്ദ മേഖലയുടെയും സ്വാധീനത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയത് മുതൽ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, നാളെ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.(Kerala weather update IMD issues orange and yellow alerts for next five days amid heavy rainfall warning)
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്, 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ ലഭിക്കാവുന്ന അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കണ്ണൂർ തീരത്ത് (വളപട്ടണം മുതൽ ന്യൂ മാഹി വരെ) ഇന്ന് വൈകുന്നേരം 5.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്കോ പകൽ സമയത്ത് തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറി താമസിക്കണം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തിരമാല ശക്തമാകുന്ന ഘട്ടങ്ങളിൽ യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും പൂർണ്ണമായി ഒഴിവാക്കണം. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഹാർബറുകളിൽ സുരക്ഷിത അകലം പാലിച്ചു കെട്ടിയിടുക.
Story Summary
The IMD has predicted heavy to very heavy rainfall across Kerala for the next five days due to an off-shore trough and a well-marked low-pressure area. Orange and yellow alerts have been issued for several districts, along with high wave and storm surge warnings for the Kannur coast by INCOIS.

