തിരുവനന്തപുരം: മുഖ്യമന്ത്രിക്കായുള്ള വടംവലിയിലേറ്റ മുറിവ് ഉണങ്ങുംമുൻപേ കോൺഗ്രസിൽ സംസ്ഥാന അധ്യക്ഷപദത്തിനായുള്ള ചരടുവലി ആരംഭിച്ചു. കെ.പി.സി.സി. പ്രസിഡന്റായ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിമാരായതിനെത്തുടർന്ന് പാർട്ടിയെ നയിക്കാൻ പുതിയ ടീം വന്നേക്കും (KPCC President Selection). മന്ത്രിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിനും പകരക്കാരനെ നിയമിക്കാൻ സാധ്യതയുണ്ട്. പുതിയ പ്രസിഡന്റ് സംബന്ധിച്ച ആലോചനകൾ പാർട്ടിയിൽ ഔദ്യോഗികമായി തുടങ്ങിയിട്ടില്ലെങ്കിലും ഈ സ്ഥാനത്തേക്ക് താത്പര്യമുള്ളവർ നേതൃത്വത്തെ അക്കാര്യം അറിയിച്ചിട്ടുണ്ട്. സർക്കാരിനോട് ഏറ്റുമുട്ടാതെ ചേർന്നുപോകുന്ന നേതൃത്വമായിരിക്കണം കെ.പി.സി.സി.ക്ക് എന്നതാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. സർക്കാരുമായി നേതൃത്വം ഏറ്റുമുട്ടുന്ന അവസ്ഥവന്നാൽ ഭരണത്തെയും സംഘടനയെയും അത് ബാധിക്കും.
അതുകൊണ്ടുതന്നെ പ്രസിഡന്റിനെ നിയമിക്കുന്നതിൽ മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് മേൽകൈ കിട്ടാനുള്ള സാധ്യതയുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് മൂന്നു പേരുകളുയർന്നതും പാർട്ടി മൂന്നായി നിലകൊണ്ടതും ഹൈക്കമാൻഡിന് മുൻപാകെയുണ്ട്. ഈ മുറിവുണക്കാൻകൂടി കഴിവുള്ള നേതൃത്വമായിരിക്കണം ഇനി വരേണ്ടതെന്നാണ് വിലയിരുത്തൽ. ഭരണത്തിലെ പ്രമുഖർ ഒരു വിഭാഗത്തിൽനിന്നായതിനാൽ ഇതരവിഭാഗത്തിൽനിന്നായിരിക്കും പ്രസിഡന്റ്സ്ഥാനത്തേക്ക് പരിഗണനവരുക. കൊടിക്കുന്നിൽ സുരേഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് താത്പര്യം അറിയിച്ചിട്ടുണ്ട്.
പിന്നാക്കവിഭാഗങ്ങളിൽ നിന്ന് ആരും ഇതേവരെ ഈ സ്ഥാനത്ത് വന്നിട്ടില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അവകാശമുന്നയിക്കുന്നത്. ബെന്നി ബെഹനാൻ, ജോസഫ് വാഴയ്ക്കൻ, ആന്റോ ആന്റണി, കെ.സി. ജോസഫ്, മാത്യു കുഴൽനാടൻ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. മുതിർന്ന നേതാവെന്നനിലയിലാണ് കെ.സി. ജോസഫിന്റെ പേരുയർന്നത്. മുതിർന്ന നേതാവായിട്ടും വേണ്ടത്ര പരിഗണന നൽകിയില്ലെന്നത് ജോസഫ് വാഴയ്ക്കനുള്ള ന്യായം. ജനപ്രതിനിധികളായിരിക്കുന്നവർ വേണ്ടെന്നാണ് തീരുമാനമെങ്കിൽ ആ മാനദണ്ഡത്തിൽ പലരും ഒഴിവാകും. പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർണമായും ഹൈക്കമാൻഡിന്റെ താത്പര്യത്തിനനുസരിച്ചാണ് ചെയ്യുക. സംസ്ഥാനത്ത് ഏകാഭിപ്രായമുണ്ടായാൽ തീരുമാനമെടുക്കാൻ എളുപ്പമാകും.
Summary: Following the recent cabinet formation, intense political maneuvering has begun within the Kerala Congress for the post of KPCC President. With current chief Sunny Joseph and working presidents A.P. Anil Kumar and P.C. Vishnunath joining the ministry, the high command is looking for a fresh leadership team that can coordinate smoothly with Chief Minister V.D. Satheesan. Prominent leaders including Kodikunnil Suresh, Benny Behanan, Joseph Vazhackan, Anto Antony, K.C. Joseph, and Mathew Kuzhalnadan are reportedly in the fray for the top organizational post.

