മണിക്കൂറിന് 99 രൂപ വർക്ക്സ്പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന ‘Workspace Rental Charges: Rs 99/hr’ എന്ന ബോർഡിന്റെ ചിത്രം കാർത്തിക് സുറോജു എന്ന പ്രൊഫഷണൽ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത് (Bengaluru Cafe Hourly Charge). ഒരു കോഫി മാത്രം വാങ്ങി മണിക്കൂറുകളോളം കഫേയിലെ മേശകൾ കയ്യടക്കിയിരിക്കുന്ന ഉപഭോക്താക്കൾ കാരണം കഫേ ഉടമകൾ നേരിടുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാനാണ് ഈ നീക്കമെങ്കിലും, ഇത്തരത്തിലുള്ള പരസ്യമായ നിരക്ക് ഈടാക്കൽ ഉപഭോക്താക്കളെ അകറ്റാനേ ഉപകരിക്കൂ എന്നാണ് ഇദ്ദേഹത്തിന്റെ വാദം.
ബോർഡ് സ്ഥാപിച്ച കഫേയിൽ ആളുകൾ ഇല്ലാതെ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇത് തെറ്റായ പ്രശ്നത്തിനുള്ള പരിഹാരമാണെന്നും അദ്ദേഹം കുറിച്ചു. എങ്കിലും ഈ തീരുമാനത്തെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മണിക്കൂറുകളോളം ലാപ്ടോപ്പുമായി ഇരുന്ന് ചുരുങ്ങിയ തുക മാത്രം ചെലവഴിക്കുന്നവർ കാരണം യഥാർത്ഥത്തിൽ ഭക്ഷണം കഴിക്കാനോ ആസ്വദിക്കാനോ എത്തുന്ന മറ്റ് ഉപഭോക്താക്കൾക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാൻ ഇത്തരം നിയമങ്ങൾ ആവശ്യമാണെന്നാണ് ചിലരുടെ പക്ഷം. വൈഫൈ പാസ്വേർഡിന്റെ കാലാവധി നിജപ്പെടുത്തുക പോലുള്ള എളുപ്പവഴികളിലൂടെ വലിയ ബഹളങ്ങളില്ലാതെ ഈ പ്രശ്നം പരിഹരിക്കാമെന്നും ചിലർ നിർദ്ദേശിക്കുന്നു.
Summary: A Bengaluru local cafe in Indiranagar sparked an online debate after introducing an hourly workspace charge of Rs 99 to deter customers who occupy tables for hours with minimal orders, dividing opinions between those who view it as an unwelcoming deterrent and others who support managing seat turnover.


