തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മിനുള്ളിൽ പിണറായി വിജയനെതിരെ പരസ്യമായ കലാപക്കൊടി. പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെച്ച് മാന്യത കാട്ടണമെന്ന് സിപിഎം പാറശാല ഏരിയ സെക്രട്ടറി അഡ്വ. എസ്. അജയകുമാർ ഏരിയ കമ്മിറ്റി റിപ്പോർട്ടിംഗിൽ ആവശ്യപ്പെട്ടു (Pinarayi Vijayan Resignation Demand). കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രൻ പങ്കെടുത്ത യോഗത്തിലാണ് പിണറായിക്കെതിരെ കടുത്ത വിമർശനം ഉയർന്നത്. മുൻപ് പിണറായി വിജയനെ പ്രകീർത്തിച്ച് ‘കാരണഭൂതൻ’ പാട്ടും തിരുവാതിരയും അവതരിപ്പിച്ച് ശ്രദ്ധേയമായ അതേ ഏരിയ കമ്മിറ്റിയിൽ നിന്നാണ് ഇപ്പോൾ ഇത്തരമൊരു ആവശ്യമുയർന്നിരിക്കുന്നത് എന്നത് പാർട്ടി വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയനാണെന്ന് ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി. പാർട്ടിയുടെ ശക്തമായ കോട്ടകളിൽ പോലും പിണറായി ആറ് റൗണ്ടുകളോളം പിന്നിൽ പോയത് ജനങ്ങൾക്കിടയിലുള്ള അതൃപ്തിയുടെ ആഴം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവാകാൻ പിണറായി വിജയൻ തികച്ചും അയോഗ്യനാണെന്നും, എംഎൽഎ സ്ഥാനം രാജിവെച്ച് പുതുതലമുറയ്ക്ക് വഴിമാറുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും യോഗത്തിൽ ആവശ്യമുയർന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാർട്ടി കോട്ടകളിൽ നിന്നുതന്നെ പിണറായിക്കെതിരെ ഇത്തരത്തിൽ പരസ്യ പ്രതികരണങ്ങൾ വരുന്നത് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിതുറക്കുമെന്നുറപ്പാണ്.
Summary: In a major internal jolt to the CPM after its assembly election defeat, Parassala Area Secretary Adv. S. Ajayakumar has demanded that Pinarayi Vijayan resign from his MLA post to set a precedent. During the Area Committee reporting session attended by state secretariat member K.K. Jayachandran, heavy criticism was raised against Vijayan, stating he is unfit to become the Opposition Leader.

